
ന്യൂഡൽഹി: രണ്ടര പതിറ്റാണ്ടിന്‍റെ ഇടവേളയ്ക്കു ശേഷം ഭരണം ലഭിച്ച തലസ്ഥാനത്ത് ബിജെപി സർക്കാരിനെ നയിക്കാൻ, വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് രാംലീല മൈതാനിയിൽ ആയിരുന്നു പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പടെ ബിജെപിയുടെ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
ന്യൂഡൽഹി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമ ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. മുഖ്യമന്ത്രിക്ക് ഒപ്പം പർവേഷ് വർമ, ആശിഷ് സൂദ്, മഞ്ജീന്ദർ സിങ്, രവീന്ദ്ര ഇന്ദർജ് സിങ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച് 10 ദിവസത്തിനുശേഷം ബുധനാഴ്ച ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് രേഖ ഗുപ്തയെ നേതാവായി തെരഞ്ഞെടുത്തത്.
ഡൽഹിയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയും, ബിജെപിയുടെ വനിതാ മുഖ്യമന്ത്രിമാരിൽ സുഷമ സ്വരാജിന്‍റെ പിൻഗാമിയുമാണ് രേഖ ഗുപ്ത. സുഷമ സ്വരാജ് (ബിജെപി), ഷീല ദീക്ഷിത് (കോൺഗ്രസ്), അതിഷി (എഎപി) എന്നിവരാണു ഡൽഹിയിൽ അധികാരത്തിലിരുന്നിട്ടുള്ള വനിതാ മുഖ്യമന്ത്രിമാർ.
ഇതേവരെ വലിയ വിവാദങ്ങളിലൊന്നും ഉൾപ്പെട്ടിട്ടില്ലെന്നതാണ് രേഖയുടെ സവിശേഷത. കോർപ്പറേഷൻ മേയറായിരുന്ന കാലത്ത് ഭരണമികവ് പ്രകടമാക്കിയിട്ടുമുണ്ട്. രാജ്യത്ത് ഇപ്പോഴുള്ള ബിജെപി മുഖ്യമന്ത്രിമാരിലെ ഏക വനിതയാണ് രേഖ.
ഷാലിമാർ ബാഗ്- നോർത്ത് വെസ്റ്റിൽ എഎപിയുടെ ബന്ദന കുമാരിക്കെതിരേ 29,500 വോട്ടുകളുടെ നേടിയായിരുന്നു ഇത്തവണ വിജയം. ആർഎസ്എസിലൂടെ പൊതുരംഗത്തെത്തിയ രേഖ, 1996-97ൽ ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റായിരുന്നു. പിന്നീട് അഭിഭാഷകയായി. 2007ലും 2012ലും ദക്ഷിണ ഡൽഹി മുനിസിപ്പൽ കൗൺസിലറായിരുന്നു. ഇവിടെയാണ് കോർപ്പറേഷൻ മേയറായും പ്രവർത്തിച്ചത്.