റിലയൻസ് - റോൾസ് റോയ്സും ചേർന്ന് ഇന്ത്യക്കു വേണ്ടി ഫൈറ്റർ വിമാനം നിർമിക്കും

തദ്ദേശീയമായി ഫൈറ്റർ യുദ്ധവിമാന എൻജിൻ നിർമിക്കാൻ റിലയൻസ് ഇൻഡസ്ട്രീസും റോൾസ് റോയ്സും കൈകോർക്കുന്നു
Reliance Rolls Royce tie up to buid Indian Fighter jet

ഇന്ത്യക്ക് പുതിയ ഫൈറ്റർ ജെറ്റ് വരുന്നു, മെയ്ക്ക് ഇൻ ഇന്ത്യ.

Representative image

Updated on

മുംബൈ: അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയ്ഡ്‌ട്രാഫ്റ്റ് (AMCA) പദ്ധതിക്കായി തദ്ദേശീയമായി ഫൈറ്റർ യുദ്ധവിമാന എൻജിൻ നിർമിക്കാൻ റിലയൻസ് ഇൻഡസ്ട്രീസും റോൾസ് റോയ്സും കൈകോർക്കുന്നു. ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വലിയൊരു വഴിതിരിവാകുന്ന ഈ സഹകരണത്തിലൂടെ രാജ്യത്ത് ആധുനിക എയ്റോ-എൻജിൻ സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് പദ്ധതിയായ AMCA-ക്കായി തദ്ദേശീയമായി യുദ്ധവിമാന എൻജിൻ നിർമിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. നിലവിൽ വിദേശ വിതരണക്കാരെയാണ് ഇത്തരം ആവശ്യങ്ങൾക്കായി ഇന്ത്യ ആശ്രയിക്കുന്നത്.

ഇതിന്‍റെ ഭാഗമായി ഇന്ത്യയിൽ ഒരു പ്രത്യേക എയ്റോസ്പേസ് ഗ്യാസ് ടർബൈൻ കോംപ്ലക്സ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇരു കമ്പനികളും ആലോചിക്കുന്നുണ്ട്. ഡിസൈൻ, വികസനം, നിർമാണം, പരീക്ഷണം, ഉൽപ്പാദനം തുടങ്ങി എല്ലാ കാര്യങ്ങളും ഈ കേന്ദ്രത്തിലൂടെ ഇന്ത്യയിൽ തന്നെ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ആത്മനിഭർ ഭാരത്' (സ്വയംപര്യാപ്തമായ ഇന്ത്യ) എന്ന ആശയത്തിന് ഊർക്കം പകരുന്നതാണ് ഈ പ്രതിരോധ നീക്കം.

ഇന്ത്യയുടെ തന്ത്രപരമായ സ്വയംപര്യാപ്തതയ്ക്ക് നിർണായക സാങ്കേതികവിദ്യകളിൽ സ്വന്തം ശേഷി ആവശ്യമാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി വ്യക്തമാക്കി.

റോൾസ് റോയ്സിന്‍റെ എഞ്ചിനീയറിംഗ് മികവും റിലയൻസിന്‍റെ നിർമാണ ശേഷിയും ചേരുമ്പോൾ രാജ്യത്ത് ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന ഒരു എയ്റോ-എൻജിൻ ആവാസവ്യവസ്ഥ നിർമിക്കാൻ സാധിക്കുമെന്ന് റോൾസ് റോയ്സ് സിഇഒ തുഫാൻ എർഗിൻബിൽജിക് അഭിപ്രായപ്പെട്ടു.

AMCA എൻജിന് പുറമെ പ്രതിരോധം, സിവിലിയൻ എയ്റോസ്പേസ്, പുതിയ പവർ ആൻഡ് പ്രൊപ്പൽഷൻ സിസ്റ്റങ്ങൾ എന്നിവയിലും ഭാവിയിൽ സഹകരിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനികൾ അറിയിച്ചു. നിലവിൽ ഇതൊരു പ്രാരംഭ പ്രഖ്യാപനം മാത്രമാണെന്നും, സാമ്പത്തിക വിവരങ്ങളോ സമയപരിധിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com