റിമാൽ ചുഴലിക്കാറ്റ്: ബംഗാളിൽ ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

തീരംതൊടുന്ന കാറ്റിന് മണിക്കൂറിൽ 110-120 കിലോമീറ്റർ‌ വേഗമാണു പ്രവചിക്കുന്നത്. ഇതു 135 കിലോമീറ്റർ വരെയാകാമെന്നും മുന്നറിയിപ്പുണ്ട്.
Remal cyclone relocation in West Bengal
റിമാൽ ചുഴലിക്കാറ്റ്: ബംഗാളിൽ ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

കോൽക്കത്ത: റിമാൽ ചുഴലിക്കാറ്റിനു മുന്നോടിയായി മഴയെത്തിയ പശ്ചിമ ബംഗാളിൽ 1.10 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. തിങ്കളാഴ്ച അതിരാവിലെ മുതൽ ചുഴലിക്കാറ്റ് തീരത്ത് ആഞ്ഞടിക്കുമെന്നാണു മുന്നറിയിപ്പ്. പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനും ബംഗ്ലാദേശിലെ ഖേപുപാരയ്ക്കും ഇടയിലൂടെ തീരംതൊടുന്ന കാറ്റിന് മണിക്കൂറിൽ 110-120 കിലോമീറ്റർ‌ വേഗമാണു പ്രവചിക്കുന്നത്. ഇതു 135 കിലോമീറ്റർ വരെയാകാമെന്നും മുന്നറിയിപ്പുണ്ട്.

പശ്ചിമ ബംഗാൾ തീരത്ത് കനത്ത മഴയുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി. കോൽക്കത്ത വിമാനത്താവളത്തിൽ രാത്രി തന്നെ വിമാനസർവീസ് നിർത്തിവച്ചു. ആഭ്യന്തര, രാജ്യാന്തര തലത്തിൽ 394 സർവീസുകളെ ഇതു ബാധിച്ചിട്ടുണ്ട്.

സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നു പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് പറഞ്ഞു. ആംഫൻ, യാസ് ചുഴലിക്കാറ്റുകളെ നേരിട്ടതിന്‍റെ അനുഭവപരിചയം ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ ഗുണം ചെയ്തെന്ന് പശ്ചിമ ബംഗാൾ മന്ത്രി അഖിൽ ഗിരി പറഞ്ഞു.

ദിഘ, കാകദ്വീപ്, ജയനഗർ എന്നിവിടങ്ങളിൽ ഇന്നലെ ആരംഭിച്ച മഴ കൂടുതൽ തീവ്രമാകുമെന്നു കരുതുന്നു. കോൽക്കത്ത, ഹൗറ, പൂർവ മേദിനിപുർ, ഹൂഗ്ലി എന്നിവിടങ്ങളിൽ ശക്തിയായി കാറ്റ് വീശുന്നുണ്ട്.

അപകടസാധ്യതയുള്ള കെട്ടിടങ്ങളിൽ നിന്നു മാറാനും യാത്രകൾ ഒഴിവാക്കാനും സംസ്ഥാന സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു. മറ്റുള്ളവർ വീടുകളിൽ തന്നെ കഴിയണം. വൈദ്യുതി ബന്ധം തടസപ്പെടാൻ സാധ്യതയുള്ളതിനാൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെ ചാർജ് ചെയ്ത് വയ്ക്കാനും മുന്നറിയിപ്പ്. ദുരന്ത നിവാരണ സേനയുടെ 14 ടീമുകളെ തെക്കൻ ബംഗാൾ ജില്ലകളിലേക്കു നിയോഗിച്ചു.

Trending

No stories found.

Latest News

No stories found.