

മഹുവ മൊയ്ത്ര
കോൽക്കത്ത: പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി മനോജ് കുമാർ അഗർവാളിനെ വോട്ട് കള്ളൻ എന്ന് വിശേഷിപ്പിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര പങ്കുവച്ച എക്സ് പോസ്റ്റുകൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് കോൽക്കത്തയിലെ അലിപ്പുർ കോടതി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എസ്ഐആർ നടപ്പിലാക്കിയപ്പോൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായിരുന്നു മനോജ് കുമാർ അഗർവാൾ. ഒക്റ്റോബർ മൂന്നിനും ആറിനും പങ്കുവച്ച പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാണ് കോടതി നിർദേശം.
കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമർപ്പിക്കുമെന്ന കാര്യം എംപി വ്യക്തമാക്കി. 'ബംഗാളിലെ ഏറ്റവും വലിയ രണ്ട് ശിൽപ്പികൾ. ലോകത്തുള്ള എല്ലാ നിയമവിരുദ്ധ പ്രവൃത്തികളും ഇവർ ചെയ്തിട്ടുണ്ട്. സുബ്രത കാക്കു, മനോജ് അങ്കിൾ. കാത്തിരിക്കൂ. ഇന്ത്യ അടുത്തതായി നിങ്ങളെ തേടി വരുന്നുണ്ട്. നിങ്ങൾക്ക് രക്ഷപ്പെടാനാകില്ല'. ഇതായിരുന്നു ഒക്റ്റോബർ 3ന് എംപി പങ്കുവച്ച എക്സ് പോസ്റ്റ്.
'പശ്ചിമ ബംഗാൾ മുൻ സിഇഒ മനോജ് അഗർവാൾ വോട്ട് കള്ളനാണ്. സത്യം പറയുമ്പോൾ അത് അപകീർത്തിപരമാകില്ല. തന്റെ യജമാനനായ ജ്ഞാനേഷിനെ പോലെ മനോജും വോട്ട് കള്ളനാണ്. ലക്ഷക്കണക്കിന് യോഗ്യരായ ബംഗാളി വോട്ടർമാരുടെ വോട്ടവകാശം നിയമവിരുദ്ധമായി ഇല്ലാതാക്കിയതിന് പൂർണ ഉത്തരവാദി ഇയാളാണ്'. എംപി ഒക്റ്റോബർ ആറിന് എക്സിലെഴുതി. ഇതിനു പിന്നാലെ മനോജ് കുമാർ കോടതിയെ സമീപിക്കുകയായിരുന്നു. ബിജെപി സർക്കാർ മേയിൽ സർക്കാർ രൂപീകരിച്ചതിനു പിന്നാലെയാണ് മനോജ് കുമാറിനെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്.