വിദേശനയ പരാമർശം: രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി; 'പാക് ഫാൻ ബോയി' എന്ന് പരിഹാസം

രാഹുൽ ഗാന്ധിക്ക് പാക്കിസ്ഥാനോട് അമിതമായ താൽപര്യമാണെന്നും വിദേശനയ കാര്യങ്ങളിൽ പാക്കിസ്ഥാനെ മാതൃകയായി കാണുകയാണെന്നും ബിജെപി ആരോപിച്ചു
 rahul gandhi

രാഹുൽ ഗാന്ധി

Updated on: 

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധിക്ക് പാക്കിസ്ഥാനോട് അമിതമായ താൽപര്യമാണെന്നും വിദേശനയ കാര്യങ്ങളിൽ പാക്കിസ്ഥാനെ മാതൃകയായി കാണുകയാണെന്നും ബിജെപി ആരോപിച്ചു.

ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയാണ് എക്സിലൂടെ രാഹുൽ ഗാന്ധിക്കെതിരേ വിമർശനമുന്നയിച്ചത്. ആഗോള വേദികളിലെല്ലാം രാഹുൽ പാക്കിസ്ഥാന്‍റെ ആരാധകനെപ്പോലെയാണ് പെരുമാറുന്നതെന്നും വിദേശനയ കാര്യങ്ങളിൽ പാക്കിസ്ഥാനെ മാതൃകയാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പാക്കിസ്ഥാനോടുള്ള രാഹുലിന്‍റെ താൽപര്യം ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ സമാധാനശ്രമങ്ങൾ നടത്തിയ ഇന്ത്യയുടെ പങ്ക് ഇരു രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും ഭണ്ഡാരി അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇറാൻ ഇന്ത്യയ്ക്ക് ഇളവ് നൽകിയതായും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച ചിക്കാഗോ സർവകലാശാലയിലെ വിദ്യാർഥികളുമായി സംവദിക്കവെയാണ് ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് രാഹുൽ ഗാന്ധി പരാമർശം നടത്തിയത്. ഭൗമരാഷ്ട്രീയ കാര്യങ്ങളിൽ ഇന്ത്യയ്ക്ക് നേരത്തേ മികച്ച ധാരണയുണ്ടായിരുന്നുവെന്നും എന്നാൽ ആഗോള കാര്യങ്ങളിൽ ഇന്ത്യ ഇപ്പോൾ രണ്ടാം നിരയിലേക്ക് പിന്തള്ളപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അമെരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ പാക്കിസ്ഥാൻ വഹിച്ച പങ്കും രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, അമെരിക്കയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ ഇന്ത്യൻ അമെരിക്കൻ മുസ്‌ലിം കൗൺസിൽ (ഐഎഎംസി) പ്രതിനിധി റഷീദ് അഹമ്മദ് പങ്കെടുത്തിരുന്നുവെന്ന് അവകാശപ്പെട്ട ഭണ്ഡാരി, സംഘടനയ്ക്ക് പാക്കിസ്ഥാൻ ഭീകരസംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുമായും മുസ്‌ലിം ബ്രദർഹുഡുമായും ബന്ധമുണ്ടെന്നും ആരോപിച്ചു. ഇന്ത്യക്കെതിരേ വിദേശരാജ്യങ്ങളിൽ പ്രചാരണം നടത്തുന്നവർ രാഹുലിന്‍റെ രാഷ്ട്രീയ കൂട്ടായ്മയുടെ ഭാഗമാകുന്നത് അദ്ദേഹം ഇന്ത്യയുടെ ശത്രുക്കൾക്കൊപ്പമാണെന്നതിന് തെളിവാണെന്നും ഭണ്ഡാരി ആരോപിച്ചു. നേരത്തേ അമെരിക്കൻ സന്ദർശനത്തിനിടെ പാക്കിസ്ഥാൻ അനുകൂല പ്രചാരകയെന്ന് വിശേഷിപ്പിച്ച ഇൽഹാൻ ഒമറുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തെ അമെരിക്കൻ സന്ദർശനത്തിന്‍റെ ഭാഗമായി ചൊവ്വാഴ്ച ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിലും ബുധനാഴ്ച ചിക്കാഗോ സർവകലാശാലയിലും രാഹുൽ ഗാന്ധി വിദ്യാർഥികളുമായി സംവദിച്ചിരുന്നു.