എൻസിപി ലയനവാർത്തകൾ പൂർണമായും വ്യാജം; നിർണായകമാവുക സുനേത്ര പവാറിന്‍റെ തീരുമാനം

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി സുനേത്ര പവാറും ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ എൻസിപി ലയനത്തെക്കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നാണ് പുറത്തുവന്ന വിവരം
sunetra pawar deputy chief minister maharashtra

സുനേത്ര പവാർ

Updated on: 

മുംബൈ: എൻസിപിയുടെ രണ്ട് വിഭാഗങ്ങളും ലയിക്കുമെന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്ന് ശരദ് പവാർ പക്ഷമായ എൻസിപി (എസ്പി) വ്യക്തമാക്കി. അതേസമയം, പാർട്ടി അധ്യക്ഷ സുനേത്ര പവാർ തീരുമാനമെടുക്കാതെ ലയന ചർച്ചകൾക്ക് ഫലമുണ്ടാകില്ലെന്ന് മുതിർന്ന എൻസിപി നേതാവ് ഛഗൻ ഭുജ്ബൽ പറഞ്ഞു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി സുനേത്ര പവാറും ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ എൻസിപി ലയനത്തെക്കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നാണ് പുറത്തുവന്ന വിവരം. ഫഡ്നാവിസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം ആദ്യം എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് ലയനസാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. സുനേത്ര പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപി നേതാക്കളായ പ്രഫുൽ പട്ടേൽ, പാർഥ് പവാർ എന്നിവർ ശരദ് പവാറിനെ സന്ദർശിച്ചതും അഭ്യൂഹങ്ങൾക്ക് കാരണമായി.

ലയനവാർത്തകൾ ജനശ്രദ്ധ തിരിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് എൻസിപി (എസ്പി) വക്താവ് പ്രവീൺ കുൻടെ പാട്ടീൽ ആരോപിച്ചു. വരൾച്ച, വിലക്കയറ്റം, തൊഴിലില്ലായ്മ, വോട്ട് മോഷണ ആരോപണം, മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ (എംപിഎസ്‌സി) പരീക്ഷകളിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി) മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായും ലയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലയന ചർച്ചകൾക്ക് ജനുവരിയിൽ കസിനും അന്നത്തെ എൻസിപി അധ്യക്ഷനുമായിരുന്ന അജിത് പവാറിന്‍റെ മരണത്തോടെ അവസാനമായെന്ന് എൻസിപി (എസ്പി) വർക്കിങ് പ്രസിഡന്‍റ് സുപ്രിയ സുലെ നേരത്തെ വ്യക്തമാക്കിയിരുന്നു. മറുവിഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ യാതൊരു ആശയവിനിമയവും ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.

എന്നാൽ, ലയനവുമായി ബന്ധപ്പെട്ട് എത്ര ചർച്ചകൾ നടത്തിയാലും സുനേത്ര പവാർ തീരുമാനമെടുക്കുന്നതുവരെ ഫലമുണ്ടാകില്ലെന്ന് ഛഗൻ ഭുജ്ബൽ പ്രതികരിച്ചു. സുപ്രിയ സുലെ ഇത്തരം ചർച്ചകളിൽ സജീവമല്ലാത്ത സാഹചര്യത്തിൽ എൻസിപി നേതാക്കൾ വിഷയം ആവർത്തിച്ച് ഉന്നയിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.