

ഷെഹ്സാദ് പൂനവാല
ന‍്യൂഡൽഹി: ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പാർട്ടി വിട്ടതായി റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ഇതുവരെ ഔദ‍്യോഗിക സ്ഥിരീകരണമൊന്നും തന്നെ വന്നിട്ടില്ല. എന്നാൽ എക്സ് അക്കൗണ്ടിലെ ബയോയിൽ താൻ ബിജെപിയുടെ ദേശീയ വക്തമാവ് ആണെന്നത് അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്.
പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആജീവനാന്ത അനുയായി ആണ് താനെന്ന കാര‍്യം അദ്ദേഹം തന്‍റെ അക്കൗണ്ടിൽ നിന്നും മാറ്റിയിട്ടില്ല. ഷെഹ്സാദ് തന്‍റെ രാജി ബിജെപി നേതൃത്വത്തിന് കൈമാറിയതായാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ‍്യമമായ സിഎൻഎൻ ന‍്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ‍്യക്തിപരമായ കാരണങ്ങളാണ് ഇതിനു പിന്നില്ലെന്നാണ് വിവരം. സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയാണെന്ന് നേരത്തെ അദ്ദേഹം എക്സ് അക്കൗണ്ടിലൂടെ സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഷെഹ്സാദ് തന്‍റെ എക്സ് പ്രൊഫൈൽ ബയോ മാറ്റിയത്. 2017ലാണ് ഷെഹ്സാദ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. ഇതിനു പിന്നാലെ അദ്ദേഹത്തെ ദേശീയ വക്താവായി നിയമിക്കുകയായിരുന്നു. ബിജെപിക്ക് വേണ്ടി ചാനൽ ചർച്ചകളിൽ സജീവമായിരുന്നു ഷെഹ്സാദ്. സോഷ‍്യൽ മീഡിയയിലൂടെ കോൺഗ്രസിനെയും രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെയും കടുത്ത ഭാഷയിൽ ഷെഹ്സാദ് വിമർശിച്ചിട്ടുണ്ട്.