രക്ഷാപ്രവർത്തനം തുടരുന്ന തുരങ്കം
രക്ഷാപ്രവർത്തനം തുടരുന്ന തുരങ്കം

ഉത്തരാഖണ്ഡ് തുരങ്കത്തിലെ രക്ഷാപ്രവർത്തനം: അനിശ്ചിതത്വം തുടരുന്നു

തൊഴിലാളികളെ രക്ഷപെടുത്താൻ രണ്ടര ദിവസം മുതൽ അഞ്ച് ദിവസം വരെ എടുത്തേക്കും

ഉത്തരകാശി: സാധ്യമായ എല്ലാ വഴികളിലും രക്ഷാപ്രവർത്തകർ ശ്രമം തുടരുമ്പോഴും ഉത്തരകാശിയിലെ തുരങ്കത്തിൽ നിന്ന് തൊഴിലാളികളെ എപ്പോൾ രക്ഷിക്കാനാകുമെന്നതിൽ അനിശ്ചിതത്വം തുടരുന്നു. രണ്ടര ദിവസം മുതൽ അഞ്ചു ദിവസം വരെയെടുക്കുമെന്നാണ് അധികൃതരുടെ നിഗമനം. കഴിഞ്ഞ 12നാണ് സിൽക്യാരയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന്‍റെ ഒരുഭാഗം ഇടിഞ്ഞ് 42 തൊഴിലാളികൾ ഉള്ളിലകപ്പെട്ടത്.

അഞ്ചു മാർഗങ്ങളാണ് ദൗത്യസംഘം പരിഗണിക്കുന്നത്. മലയുടെ മുകളിൽ നിന്നു താഴേക്കു തുരന്നിറക്കുന്ന ദ്വാരത്തിലൂടെ തൊഴിലാളികളെ രക്ഷിക്കുക, തുരങ്കത്തിന്‍റെ രണ്ടു വശങ്ങളിലൂടെയും രക്ഷാദ്വാരം നിർമിച്ച് ഇത് ഉപയോഗിക്കുക, ബാർകോട്ട് ഭാഗത്തു നിന്ന് രക്ഷാമാർഗം തുരന്നുണ്ടാക്കുക, സിൽക്യാര ഭാഗത്തു നിന്ന് സ്റ്റീൽ പൈപ്പ് അവശിഷ്ടങ്ങൾക്കിടയിലൂടെ തള്ളിക്കയറ്റി അതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കുക എന്നിവയാണ് അവ.

ഇതിൽ സ്റ്റീൽ പൈപ്പ് ഉപയോഗിച്ചുള്ള സാധ്യതയാണ് ആദ്യം പരിഗണിച്ചത്. മലയുടെ മുകളിൽ നിന്നു താഴേക്ക് കുഴിക്കുന്ന പദ്ധതിക്കും ഇന്നലെ തുടക്കമിട്ടു. ഇതിനിടെ, രക്ഷാപ്രവർത്തനത്തിന്‍റെ മേൽനോട്ടം പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ട് ഏറ്റെടുത്തു. ഇതിനു പിന്നാലെ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ഇന്നലെ സ്ഥലം സന്ദർശിച്ചു.

തുരങ്കത്തിൽ വെള്ളവും വെളിച്ചവുമുണ്ടെന്ന് അധികൃതർ

ഒമ്പതു മീറ്റർ വ്യാസമുള്ള പൈപ്പ് 22 മീറ്റർ വരെ അവശിഷ്ടങ്ങൾക്കിടയിലൂടെ തുരങ്കത്തിനുള്ളിലേക്ക് കയറ്റാനായെന്ന് ദുരന്ത നിവാരണ സെക്രട്ടറി രഞ്ജിത് സിൻഹ. ഇതുപയോഗിച്ചു രക്ഷാമാർഗമൊരുക്കാനുള്ള ശ്രമം തുടരും. ഈ പൈപ്പിനു മുകളിലൂടെ മറ്റൊരു പൈപ്പ് 42 മീറ്റർ ഉള്ളിലേക്ക് കടത്തിവിട്ടിട്ടുണ്ട്. തുരങ്കത്തിന്‍റെ മുകളിൽ നിന്ന് അവശിഷ്ടങ്ങൾ കൂടിക്കിടക്കുന്നതു വരെയുള്ള ഭാഗത്ത് എത്ര ഇടമുണ്ടെന്നു റോബോട്ട് ഉപയോഗിച്ച് പരിശോധിച്ചു. ഇടമുണ്ടെങ്കിൽ ഒരു പൈപ്പ് കൂടി സ്ഥാപിക്കും. സാധ്യമെങ്കിൽ അത് തൊഴിലാളികളെ രക്ഷിക്കാനുള്ള പൈപ്പായും ഉപയോഗിക്കും.

ഉള്ളിൽ കുടുങ്ങിയവർക്ക് ശ്വാസവായു, വൈദ്യുതി, വെള്ളം, മരുന്ന്, ഭക്ഷണ എന്നിവ കൃത്യമായി എത്തിക്കാനാകുന്നു എന്നതാണ് ആശ്വാസം. 42 മീറ്റർ നീളത്തിലുള്ള പൈപ്പിലൂടെ റൊട്ടിയും പച്ചക്കറികളും അരിയും അടക്കമുള്ളവ എത്തിക്കാനാകുന്നുണ്ട്.

തൊഴിലാളികൾക്ക് വിറ്റാമിൻ ഗുളികകളും മാനസിക സമ്മർദം അകറ്റാനുള്ള മരുന്നും ഉണങ്ങിയ പഴങ്ങളും നൽകുന്നുണ്ടെന്ന് റോഡ് ഗതാഗത- ഹൈവേ സെക്രട്ടറി അനുരാഗ് ജയിൻ. തുരങ്കത്തിൽ വൈദ്യുതിയുണ്ടെന്നതിനാൽ വെളിച്ചമുണ്ട്. കുടിവെള്ള പൈപ്പുള്ളതിനാൽ വെള്ളം ലഭ്യമാണ്. കംപ്രഷനു വേണ്ടി സ്ഥാപിച്ച നാലിഞ്ച് പൈപ്പിലൂടെയാണ് ആദ്യ ദിവസം മുതൽ ഭക്ഷണം നൽകുന്നതെന്നും ജയിൻ പറഞ്ഞു.

മണ്ണിന്‍റെ ഘടന വെല്ലുവിളി: ഗഡ്കരി

ഉത്തരകാശി: തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗവും ഉപയോഗിക്കുമെന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. രക്ഷാപ്രവർത്തനം വിലയിരുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിമാലയൻ മേഖലയിലെ മണ്ണിന് എല്ലായിടത്തും ഒരേ സ്വഭാവമല്ലെന്നും ഇതാണ് പ്രധാന വെല്ലുവിളിയെന്നും ഗഡ്കരി പറഞ്ഞു.

ചിലയിടത്ത് ഇളക്കമുള്ള മണ്ണാണ്. തൊട്ടടുത്തു തന്നെ ഉറച്ച മണ്ണായിരിക്കും. അമെരിക്കൻ നിർമിത ഓഗർ മെഷീൻ ഉപയോഗിച്ച് ഇളക്കമുള്ള മണ്ണിൽ വേഗം തുരക്കാനാകും. കടുപ്പമുള്ള ഭാഗത്തെത്തുമ്പോൾ പ്രദേശമാകെ പ്രകമ്പനമുണ്ടാകുന്നു. ഇത് കൂടുതൽ മലയിടിച്ചിലുണ്ടാക്കുമെന്നതിനാലാണ് യന്ത്രം നിർത്തിവയ്ക്കേണ്ടിവരുന്നതെന്നും ഗഡ്കരി.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com