
ഷിംല: മേഘവിസ്ഫോടനത്തിനും പ്രകൃതിക്ഷോഭങ്ങൾക്കും കാരണം മാംസാഹാരമാണെന്ന വിവാഹ പരാമർശവുമായി ഐഐടി മണ്ഡി ഡയറക്റ്റർ ഡോ. ലക്ഷ്മിധർ ബെഹ്റ. ബെഹ്റ വിദ്യാർഥികളെക്കൊണ്ട് മാംസാഹാരം ഉപേക്ഷിക്കുമെന്ന് പ്രതിജ്ഞയെടുപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പടരുന്നുണ്ട്. നിഷ്കളങ്കരായ മൃഗങ്ങളെ വേട്ടയാടുന്നത് നിർത്തിയില്ലെങ്കിൽ ഹിമാചൽ പ്രദേശിൽ ഇനിയും കനത്ത മഴ പെയ്യും.
മൃഗങ്ങളെ വേട്ടയാടുന്നതും പ്രകൃതിക്ഷോഭവും തമ്മിൽ ബന്ധമുണ്ട്. മൃഗങ്ങൾക്കു മേലുള്ള ക്രൂരതയുടെയും മാംസാഹാരം കഴിക്കുന്നതിന്‍റെയും ഫലമായാണ് മണ്ണിടിച്ചിലും മേഘവിസ്ഫോടനവും പോലുള്ള പ്രകൃതിക്ഷോഭങ്ങൾ വീണ്ടും വീണ്ടും സംഭവിക്കുന്നത്. നല്ലൊരു മനുഷ്യനാകാൻ മാംസാഹാരം കഴിക്കരുത് എന്നാണ് ഐഐടി ഡയറക്റ്റർ വിദ്യാർഥികളോട് പറയുന്നത്.
മാംസാഹാരം കഴിക്കില്ലെന്ന് വിദ്യാർഥികളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിക്കുന്നതും വിഡിയോയിൽ ഉണ്ട്. വിഡിയോ പ്രചരിച്ചതോടെ സിപിഎം ഡയറക്റ്ററോട് രാജി വച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിട്ടുണ്ട്. കത്തിന്‍റെ പകർപ്പ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിക്കും അയച്ചിട്ടുമുണ്ട്.