
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡറായി റുവാന്‍ അസറിനെ നിയമിച്ചു. റുവാന്‍റെ നിയമനത്തിന് ഇസ്രയേല്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യയെ കൂടാതെ, ശ്രീലങ്കയിലെയും ഭൂട്ടാനിലെയും നോണ്‍ റസിഡന്‍റ് അംബാസഡറായി റുവാന്‍ പ്രവര്‍ത്തിക്കും.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി വിവിധ പദവികൾ പ്രവര്‍ത്തിച്ചിട്ടുള്ള റുവാന്‍ അറിയപ്പെടുന്ന നയതന്ത്രജ്ഞനാണ്. നിലവില്‍ റൊമാനിയയിലെ ഇസ്രയേല്‍ അംബാഡസറാണ്. പ്രധാനമന്ത്രിയുടെ ഓഫിസിലെ വിദേശകാര്യ ഉപദേഷ്ടാവായും, ഇസ്രയേല്‍-യുഎസ്-ചൈന ഇന്‍റേണല്‍ ടാസ്‌ക്ക് ഫോഴ്‌സ് തലവനായും റുവാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പലസ്തീന്‍ വിഷയത്തിലെ മധ്യസ്ഥ ചര്‍ച്ചകളിലും നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്.
അര്‍ജന്‍റീനയില്‍ ജനിച്ച റുവാന്‍ പതിമൂന്നാം വയസിലാണ് ഇസ്രയേലിലേക്ക് കുടിയേറിപ്പാര്‍ത്തത്. ഹീബ്രു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ഇദ്ദേഹം മൂന്നു വര്‍ഷത്തോളം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്‍റെ പാരാമിലിറ്ററി ട്രൂപ്പിലും സേവനം അനുഷ്ഠിച്ചിരുന്നു. ഇസ്രയേലിനെയും പൗരന്മാരെയും പ്രതിനിധീകരിച്ചു കൊണ്ട്, അന്താരാഷ്‌ട്രബന്ധങ്ങൾ ശക്തിപ്പെടുത്തി റുവാൻ അസർ പ്രവർത്തിക്കുമെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി യെലി കോഹൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.