
കൊൽക്കത്ത: ആര്‍. ജി. കര്‍ മെഡിക്കൽ കോളെജിൽ ബലാത്സംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് പശ്ചമ ബംഗാൾ സർക്കാർ 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധി നിരാകരിച്ച് കുടുംബം. നഷ്ടപരിഹാരത്തുക വേണ്ടെന്നും നീതിയാണ് വേണ്ടതെന്നും കുടുംബം പ്രതികരിച്ചു.
പ്രതിയായ സഞ്ജയ് റോയിയ്ക്ക് ജീവപര്യന്തവും 50,000 രൂപയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസല്ല ഇതെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കരുതെന്നും പ്രതിഭാഗം വാദിച്ചിരുന്നു. വധശിക്ഷ വേണമെന്ന് യുവ ഡോക്ടറുടെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കൾ വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞു എന്ന് ജഡ്ജിയുടെ പരാമർശത്തിൽ വീണ്ടും കുറ്റം നിഷേധിച്ചായിരുന്നു പ്രതി പ്രതികരിച്ചത്. തന്നെ കേസിൽ പെടുത്തിയതാണെന്നും, തന്നെ പൊലീസ് ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും പ്രതി കോടതിയെ അറിയിച്ചു.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുകയെന്ന് കോടതി ചൂണ്ടിക്കാട്ടി. അപൂർവങ്ങൾ അപൂർവമായ കേസെന്ന് സിബിഐ അഭിഭാഷകൻ പറഞ്ഞു. സമൂഹത്തിന് മുതൽക്കൂട്ട് ആവേണ്ട ഡോക്ടറെയാണ് പ്രതി കൊലപ്പെടുത്തിയത്. രാജ്യത്ത് തന്നെ ഞെട്ടിച്ച കേസുകളിൽ ഒന്നാണിത്. പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്നും വധശിക്ഷ നൽകിയാൽ മാത്രമേ സമൂഹത്തിന് ഇക്കാര്യത്തിൽ വിശ്വാസ്യത ഉണ്ടാകൂ എന്ന് സിബിഐ ചൂണ്ടിക്കാട്ടി.