
പാക് യുദ്ധക്കപ്പലുകൾ ഇറാൻ അതിർത്തിയിൽ ഒളിപ്പിച്ച ചിത്രങ്ങൾ
Satellite images
ന്യൂഡൽഹി: പഹൽഗാമിൽ പാക്കിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാക്കിസ്ഥാൻ നാവിക സേന തങ്ങളുടെ യുദ്ധക്കപ്പലുകൾ ഇറാൻ തീരത്തേയ്ക്കു മാറ്റിയതായി തെളിയിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തായി. ദേശീയ മാധ്യമങ്ങളാണ് ഈ ദൃശ്യം പുറത്തു വിട്ടത്. ഇന്ത്യൻ ആക്രമണം ഭയന്നാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് സൂചനകൾ. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ ശക്തമായ തിരിച്ചടി നടത്തിയെന്ന പാക് പ്രചരണവും ഇതോടെ ദുർബലമായി. കഴിഞ്ഞ മേയ് മാസത്തിലാണ്
ഇന്ത്യ പാക്കിസ്ഥാനെതിരെ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ഈ സമയത്ത് ശക്തമായ ആക്രമണം ഇന്ത്യ നടത്തുകയും തുടർന്ന് കറാച്ചിയിൽ ഉണ്ടായിരുന്ന പാക് യുദ്ധക്കപ്പലുകൾ നൂറു കിലോമീറ്ററകലെ ഇറാൻ അതിർത്തിയോടു ചേർന്നുള്ള ഗ്വദ്വാറിലേയ്ക്കു മാറ്റുകയും ചെയ്തു. ഇത് രഹസ്യ പിന്മാറ്റ തന്ത്രമായിരുന്നു എന്നാണ് വിദഗ്ധ നിരീക്ഷണം.
സാറ്റലൈറ്റ് ചിത്രങ്ങളിൽ കപ്പലുകൾ കറാച്ചിയിലെ വാണിജ്യ തുറമുഖങ്ങളിലേയ്ക്കും മാറ്റിയതായും വ്യക്തമാണ്. ഇന്ത്യ മേയ് ഏഴിന് തീവ്രവാദ ക്യാംപുകൾക്കെതിരെ ആക്രമണം നടത്തി. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ മുഖ്യ യുദ്ധക്കപ്പലുകൾ അവരുടെ നാവിക താവളങ്ങളിൽ നിന്നു മാറ്റിയത്. ഇന്ത്യയുടെ കൃത്യമായ സൈനിക നീക്കങ്ങൾ പാക്കിസ്ഥാനെ പ്രതിരോധത്തിൽ എത്തിച്ചു എന്നു വ്യക്തമാക്കുന്നതാണ് ഈ സാറ്റലൈറ്റ് ചിത്രങ്ങൾ. ആദ്യമായാണ് ഇത്തരം സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തു വന്നത് ഡൊമെയിനിലാവുന്നത്. ഇന്ത്യയുടെ തന്ത്രപരമായ നടപടി പാക്കിസ്ഥാൻ നാവിക സേനയെ നിർവീര്യമാക്കിയതായി ഈ തെളിവുകൾ വ്യക്തമാക്കുന്നു.