ദുബായ്: ചരക്ക് കയറ്റുമതി നിരോധനം ഇന്ത്യ പിൻവലിച്ചതോടെ യുഎഇയിൽ ബസ്മതി ഇതര അരിയുടെ വില 20 ശതമാനത്തോളം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്. ഈ മാസം 28ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിലായിരുന്നു തീരുമാനം.
പ്രതി വർഷം ദശലക്ഷക്കണക്കിന് ടൺ ബസ്മതിയും ബസ്മതി ഇതര അരിയും ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. യുഎഇ ഏറ്റവുമധികം അരി ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽ നിന്നാണ്.ഇന്ത്യയിൽ ഈ സീസണിൽ മികച്ച വിളവ് ലഭിച്ച സാഹചര്യത്തിലാണ് കയറ്റുമതി നിരോധനം നീക്കിയത്. അരി വില ടണ്ണിന് 490 ഡോളർ (ഏകദേശം 1,800 ദിർഹം) ആയി തറവില നിശ്ചയിക്കുകയും ചെയ്തു.
യുഎഇയിൽ വിപണി വിഹിതത്തിന്‍റെ ഏകദേശം 70 ശതമാനവും ബസ്മതി ഇതര അരിയാണ്. യുഎഇയിലേക്ക് ബസ്മതി ഇതര അരി ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്നതിനാൽ, വിവിധ രാജ്യങ്ങളിലേക്കുള്ള പ്രധാന പുനർ കയറ്റുമതി കേന്ദ്രമായി യുഎഇ മാറിയിട്ടുണ്ട്. ഇത് വ്യാപാരികൾക്ക് വലിയ അവസരങ്ങളാണ് നൽകുന്നതെന്നും വിദഗ്ദ്ധർ പറയുന്നു.