ഇളയരാജയുടെ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ല: മദ്രാസ് ഹൈക്കോടതി

സംഗീതത്തില്‍ ഇളയരാജ എല്ലാവര്‍ക്കും മുകളിലാണെന്നു കരുതേണ്ടെന്ന് ഡിവിഷന്‍ ബെഞ്ച്
Ilayaraja
Ilayaraja

ചെന്നൈ: ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. സംഗീതം നല്‍കി എന്നതു കൊണ്ട് പാട്ടുകള്‍ക്കുമേലുള്ള അവകാശം നൽകാനാവില്ല. വരികളില്ലാതെ പാട്ടുകളുണ്ടാകുമോയെന്നും അതിനാൽ ഗാനരചയിതാവ് അടക്കമുള്ളവർക്ക് പാട്ടിൽ അവകാശം ഉന്നയിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ആര്‍ മഹാദേവന്‍, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

ഇളയരാജ സംഗീതം നൽകിയ 4500-ഓളം പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ സംഗീതക്കമ്പനിയായ എക്കോ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ഇളയരാജ സംഗീതം നല്‍കിയ പാട്ടുകളുടെ പകര്‍പ്പവകാശം സിനിമാനിര്‍മാതാക്കളില്‍ നിന്ന് എക്കോ വാങ്ങിയിരുന്നു. ഇതിനെതിരേയുള്ള ഹര്‍ജിയില്‍ പാട്ടുകളുടെ അവകാശം ഇളയരാജയ്ക്കാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെ എതിർത്താണ് കമ്പനി അപ്പീൽ സമർപ്പിച്ചത്.

ഈണത്തിനു മാത്രമാണ് ഇളയരാജയ്ക്ക് അവകാശമുള്ളത്. വരികൾ, ശബ്ദം, വാദ്യങ്ങൾ എന്നിവയൊക്കെ ചേരുന്നതാണ് പാട്ടുകൾ എന്ന് എതിർഭാഗം വാദിച്ചു. എന്നാൽ സംഗീതത്തിനുമേല്‍ ഈണം നല്‍കിയയാള്‍ക്കു തന്നെയാണ് അവകാശമെന്ന് ഇളയരാജയുടെ അഭിഭാഷകന്‍ വാദിച്ചു. ഈണത്തിനുമേല്‍ അവകാശമുണ്ടെങ്കിലും ഗാനത്തിനുമേലുള്ള പൂര്‍ണ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. വരികളില്ലാതെ ഗാനമുണ്ടോയെന്നും ചോദിച്ചു. ഹര്‍ജി വിശദമായി വാദംകേള്‍ക്കുന്നതിനായി ജൂണ്‍ രണ്ടാംവാരത്തിലേക്ക് മാറ്റി. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സംഗീതത്തില്‍ ഇളയരാജ എല്ലാവര്‍ക്കും മുകളിലാണെന്നു കരുതേണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com