കൊവിഡ് കേസുകളിൽ വര്‍ധന; സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

ഉത്സവക്കാലം മുന്നില്‍ കണ്ട് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിങ്ങനെയാണ് നിര്‍ദ്ദേശത്തിൽ പറയുന്നത്.
rise in covid cases; Center issues guidelines to states
rise in covid cases; Center issues guidelines to states

ന്യൂഡല്‍ഹി: കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങൾക്ക് മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം. ജില്ലാ തലത്തില്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. കൊവിഡ് കേസുകൾ ഉയരുന്നതിൽ തീവ്രമായ ജാ​ഗ്രത വേണമെന്നാണ് നിര്‍ദ്ദേശം.

ശ്വാസകോശ അണുബാധ, ഫ്ളു എന്നിവയുടെ ജില്ലാതല കണക്കുകള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കണം. പരിശോധന ഉറപ്പാക്കണം, രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകള്‍ ജനിതക ശ്രേണീ പരിശോധനയ്ക്ക് അയക്കണം. ഉത്സവക്കാലം മുന്നില്‍ കണ്ട് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിങ്ങനെയാണ് നിര്‍ദ്ദേശത്തിൽ പറയുന്നത്. പുതുക്കിയ കൊവിഡ് മാർ​ഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ജില്ലാ തലത്തിൽ രോ​ഗ ലക്ഷണങ്ങൾ കൂടുന്നത് നിരീക്ഷിക്കണം, ആർടി പിസിആർ - ആന്റിജൻ പരിശോധനകൾ കൂടുതൽ നടത്തണം, രോ​ഗം സ്ഥിരീകരിക്കുന്ന സാമ്പിളുകൾ Indian SARS COV-2 Genomics Consortium (INSACOG) ലബോറട്ടറികളിൽ ജനിതക ശ്രേണീ പരിശോധന നടത്തണം, ആശുപത്രികളിലെ സാഹചര്യം വിലയിരുത്തണം, ബോധവൽക്കരണം ശക്തമാക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ.

രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ട കൊവിഡ് കേസുകളിൽ 89.38 ശതമാനവും കേരളത്തിലാണ്. ഇതിനിടെയാണ് കഴിഞ്ഞ എട്ടിന് രാജ്യത്താദ്യമായി "ജെഎൻ.1' വകഭേദവും കേരളത്തിൽ കണ്ടെത്തിയത്. നേരത്തേ, തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്ന് സിംഗപ്പുരിലെത്തിയ ഒരാൾക്കും ഇതേ വകഭേദം സ്ഥിരീകരിച്ചിരുന്നു. യുഎസ്, ചൈന, സിംഗപ്പുർ രാജ്യങ്ങളിലാണ് ഇന്ത്യയെ കൂടാതെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത്. ‌നിലവിൽ കൊവിഡ് 19ന് ഏറെക്കുറേ സമാനമാണ് "ജെഎൻ.1'ന്‍റെ ലക്ഷണം. ഇതു രോഗാവസ്ഥ തീവ്രമാക്കുമെന്ന സൂചനകളും ഇപ്പോഴില്ല.

കർണാടകയിൽ മുതിർന്ന പൗരന്മാർ മാസ്ക് ധരിക്കണം

കേരളത്തിൽ കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മുതിർന്ന പൗരന്മാർ മാസ്ക് ധരിക്കണമെന്നു കർണാടക ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. കേരളത്തിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഏതു സാഹചര്യവും നേരിടാൻ തയാറെടുത്തെന്നും കർണാടക. കേരളത്തോട് അടുത്തുകിടക്കുന്ന ആശുപത്രികളിലും ജാഗ്രതാ നിർദേശം നൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com