
ഡൽഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു; ജയ്പൂരിലിറക്കി
file image
ജയ്പൂര്‍: റിയാദില്‍ നിന്ന് ഡൽഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു. ഡൽഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (IGI) ഇറങ്ങേണ്ടതായിരുന്ന എയര്‍ ഇന്ത്യയുടെ എഐ 926 വിമാനം ജയ്‌പുർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് വഴിതിരിച്ചു വിട്ടത്. ഡൽഹിയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം തിങ്കളാഴ്ച വഴിതിരിച്ചു വിട്ടതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
റിയാദില്‍ നിന്ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പുറപ്പെട്ട വിമാനം പുലര്‍ച്ചെ ഒരു മണിക്ക് ഡൽഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു. ജയ്‌പുരിൽ ഇറക്കിയ വിമാനത്തിലെ യാത്രക്കാര്‍ക്ക് ഡൽഹിയിലേക്ക് മറ്റൊരു വിമാനം ഒരുക്കിയെങ്കിലും റോഡ് മാര്‍ഗമുള്ള യാത്രയാണ് അവര്‍ സ്വീകരിച്ചതെന്ന് എയർ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ജൂലൈ 4 നും ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാരിൽ ഒരാൾക്ക് ആരോഗ്യ പ്രശ്നമുണ്ടായതിനെത്തുടർന്നും യാത്ര വൈകിയിരുന്നു.