രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു, എട്ട് പേർക്ക് പരുക്ക്

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
Road accident in Rajasthan; nine members of a family died, eight injured.

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു

Updated on: 

കോട്ട: രാജസ്ഥാനിലെ കോട്ട-ഉദയ്പുർ ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു. എട്ട് പേർക്ക് പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെ ശംഭുപുരയ്ക്ക് സമീപമായിരുന്നു സംഭവം.

ഉഷ (60), സുശീല (65), കൈലാഷ് (45), ജാൻവി (6), സജ്ജൻ (60), അനിത, ബാബുലാൽ (60), ജാൻവി (13), മാധവി (45) എന്നിവരാണ് മരിച്ചത്. സിക്കാർ ജില്ലയിലെ ഖാട്ടു ശ്യാംജി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന മഹാരാഷ്ട്രയിലെ ധൂലെ സ്വദേശികളായ കുടുംബത്തിലെ 16 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

വാഹനത്തിന്‍റെ തകരാർ പരിശോധിക്കുന്നതിനായി ട്രക്ക് റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നുവെന്ന് ട്രക്ക് ഡ്രൈവർ ഹാറൂൺ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ താൻ ഏകദേശം 20 അടി ദൂരത്തേക്ക് തെറിച്ചുവീണതായും പത്ത് മിനിറ്റിനുശേഷം ബോധം വീണ്ടെടുത്ത് പൊലീസിനെയും ആംബുലൻസിനെയും വിളിച്ചതായും അദ്ദേഹം വ്യക്തമാക്കി. പരുക്കേറ്റവരെ ന്യൂ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.