ദീപാവലിക്ക് പിന്നാലെ ഉത്തർപ്രദേശിൽ ആറിടങ്ങളിലായി വാഹനാപകടങ്ങൾ; 17 പേർ മരിച്ചു, 55 പേർക്ക് പരുക്ക്

ശൈത്യകാലത്തിന്‍റെ തുടക്കവും സംസ്ഥാനത്ത് വർധിച്ച മലിനീകരണവും കാരണം പുലർച്ചെ കാഴ്ചപരിധി കുറഞ്ഞതാകാം അപകടങ്ങൾക്ക് കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
Road accidents occur at six locations in Uttar Pradesh following Diwali.

ദീപാവലിക്ക് പിന്നാലെ ഉത്തർപ്രദേശിൽ ആറിടങ്ങളിലായി വാഹനാപകടങ്ങൾ

Updated on: 

ലഖ്‌നൗ: ദീപാവലി ആഘോഷത്തിന് പിന്നാലെ ഉത്തർപ്രദേശിൽ തിങ്കളാഴ്ചയുണ്ടായ ആറ് വ്യത്യസ്ത വാഹനാപകടങ്ങളിൽ 17 പേർ മരിച്ചു. 55 പേർക്ക് പരുക്കേറ്റു.

മുസാഫർനഗറിലുണ്ടായ അപകടത്തിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ഡിവൈഡറിലും വൈദ്യുതത്തൂണിലും ഇടിച്ച് മറിഞ്ഞ കാർ തീപിടിച്ചതിനെ തുടർന്ന് ആറ് പേർ വെന്തുമരിച്ചു. പാനിപ്പത്ത്-ഖതിമ ഹൈവേയിൽ പുലർച്ചെ 4.50നായിരുന്നു അപകടം. ഹരിയാനയിലെ ഹിസാർ സ്വദേശികളായ രാഹുൽ (22), അങ്കിത് (21), സാഹിൽ (22), അജയ് (22), അങ്കിത് (22), അമൻ (19) എന്നിവരാണ് മരിച്ചത്. ഹരിദ്വാറിലേക്ക് പോകുകയായിരുന്നു സംഘം. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

ചിത്രകൂടിൽ ട്രാക്റ്റർ ട്രോളി മറിഞ്ഞ് രണ്ട് കുട്ടികളുൾപ്പെടെ നാല് പേർ മരിച്ചു. 12 പേർക്ക് പരുക്കേറ്റു. ചിത്രകൂടിലെ മൗ തഹസിൽ പരിധിയിലെ രാംനഗറിന് സമീപം പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. തീർഥാടനകേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാക്ടറിന്‍റെ ഹുക്ക് വേർപ്പെട്ടതോടെ ട്രോളിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. ട്രോളിക്കടിയിൽപ്പെട്ടാണ് നാല് പേരും മരിച്ചത്.

പരുക്കേറ്റ 12 പേരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. മധ്യപ്രദേശിലെ രേവ ജില്ലയിൽ നിന്നുള്ള കുടുംബാംഗങ്ങൾ ഉൾപ്പെടെ 25 ഓളം പേരാണ് ട്രാക്റ്റർ ട്രോളിയിലുണ്ടായിരുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പുൽകിത് ഗാർഗ് പറഞ്ഞു.

ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ നിയന്ത്രണംവിട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിക്കുകയും 41 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജസ്ഥാനിലെ ബിയാവറിൽ നിന്ന് ബിഹാറിലെ ഛപ്രയിലേക്ക് പോകുകയായിരുന്ന ബസ് രാവിലെ 6ന് എക്‌സ്പ്രസ് വേയിലെ സീറോ പോയിന്‍റിന് സമീപം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

മരിച്ചവരിൽ ഛപ്ര സ്വദേശികളായ ശങ്കർ റജ്ജക് (63), ശാംലി റായ് (43) എന്നിവരെ തിരിച്ചറിഞ്ഞു. 35 വയസോളം പ്രായമുള്ള മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഷാജഹാൻപുരിൽ ഗംഗ എക്‌സ്പ്രസ് വേയിൽ സ്വകാര്യ ബസിൽ നിന്ന് ഇറങ്ങി പരിശോധന നടത്തുകയായിരുന്ന കണ്ടക്റ്ററും സഹായിയും ട്രക്കിടിച്ച് മരിച്ചു. ഡൽഹിയിൽ നിന്ന് ജാർഖണ്ഡിലേക്ക് പോകുകയായിരുന്നു ബസ്. ബിഹാർ സ്വദേശികളായ കണ്ടക്റ്റർ വിപിൻ യാദവ് (50), സഹായി കൗശൽ (35) എന്നിവരാണ് മരിച്ചത്.

ലഖ്‌നൗവിൽ മറ്റൊരു അപകടത്തിൽ 22കാരൻ മരിച്ചു. 17കാരന് പരുക്കേറ്റു. ഇവർ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. മരിച്ച ദീപാൻഷു റാവത്തിനെ തിരിച്ചറിഞ്ഞു. പരുക്കേറ്റ കൗമാരക്കാരൻ ലോക് ബന്ധു ആശുപത്രിയിൽ ചികിത്സയിലാണ്.

മുസാഫർനഗറിൽ ഷാഹ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സൻജക് ഗ്രാമത്തിന് സമീപം അമിതവേഗത്തിലെത്തിയ യുപി റോഡ്‌വേസ് ബസ് ഇടിച്ച് 15കാരൻ മരിച്ചു. സുഹൃത്ത് നിഖിലിന് ഗുരുതരമായി പരുക്കേറ്റു.

പുലർച്ചെയാണ് അപകടങ്ങളിൽ കൂടുതലും സംഭവിച്ചത്. ശൈത്യകാലത്തിന്‍റെ തുടക്കവും സംസ്ഥാനത്ത് വർധിച്ച മലിനീകരണവും കാരണം പുലർച്ചെ കാഴ്ചപരിധി കുറഞ്ഞതാകാം അപകടങ്ങൾക്ക് കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.