രോഹിത് വെമുലയുടെ ആത്മഹത്യ: പുനരന്വേഷണത്തിനു തെലങ്കാന സർക്കാർ

പൊലീസ് നൽകിയ റിപ്പോർട്ട് കോൺഗ്രസിനും ഇടത് പാർട്ടികൾക്കും രാഷ്‌ട്രീയമായി വലിയ തിരിച്ചടിയായിരുന്നു
രോഹിത് വെമുല
രോഹിത് വെമുല

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പുനരന്വേഷണത്തിനു തെലങ്കാന സർക്കാർ. രോഹിത് വെമുല ദളിതനായിരുന്നില്ലെന്നും യഥാർഥ ജാതി വിവരം വെളിപ്പെടുമെന്ന ഭയത്താലാണു ജീവനൊടുക്കിയതെന്നുമുളള പൊലീസ് റിപ്പോർട്ടിനെതിരേ വിദ്യാർഥിയുടെ കുടുംബമടക്കം രംഗത്തെത്തിയ പശ്ചാത്തലത്തിലാണു തീരുമാനം. രോഹിതിന്‍റെ അമ്മ രാധിക, സഹോദരൻ രാജ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് അറിയിച്ചു.

രാജ്യത്ത് ഏറെ രാഷ്‌ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിൽ അന്വേഷണം അവസാനിപ്പിച്ചു പൊലീസ് നൽകിയ റിപ്പോർട്ട് കോൺഗ്രസിനും ഇടത് പാർട്ടികൾക്കും രാഷ്‌ട്രീയമായി വലിയ തിരിച്ചടിയായിരുന്നു. ജാതി വിവേചനത്തെത്തുടർന്നാണു രോഹിത് ജീവനൊടുക്കിയതെന്നായിരുന്നു ആരോപണം. എന്നാൽ, രോഹിതിന്‍റെ ജാതി സർട്ടിഫിക്കെറ്റ് വ്യാജമെന്നും ഇതു തിരിച്ചറിയപ്പെടുമെന്ന ഭയത്താലാണു ജീവനൊടുക്കിയതെന്നുമാണ് പൊലീസ് റിപ്പോർട്ട്. കേസിൽ ആരോപണ വിധേയരായിരുന്ന അന്നത്തെ സെക്കന്തരാബാദ് എംപി ബണ്ഡാരു ദത്താത്രേയ, എംഎൽസി ആയിരുന്ന എൻ. രാമചന്ദ്ര റാവു, സർവകലാശാല വിസി അപ്പാ റാവു, എബിവിപി നേതാക്കൾ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർക്ക് പങ്കില്ലെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പുനരന്വേഷണത്തിന് അനുമതി തേടി ഉടൻ കോടതിയെ സമീപിക്കുമെന്നു തെലങ്കാന ഡിജിപി രവി ഗുപ്ത അറിയിച്ചു.

അതേസമയം, ദളിതരെ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കോൺഗ്രസും മതേതര കക്ഷികളെന്നു സ്വയം അവകാശപ്പെടുന്നവരും ദളിതരെ സ്വന്തം താത്പര്യത്തിനായി ഉപയോഗിക്കുകയാണെന്നു ബിജെപി നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി. എന്നാൽ, അവർക്ക് നീതി ഉറപ്പാക്കുന്നതിൽ ഇവർക്കു താത്പര്യമില്ലെന്നും മാളവ്യ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com