
ബെംഗളൂരു: റോവർ പകർത്തിയ ചന്ദ്രാപരിതലത്തിലെ ചിത്രങ്ങൽ പുറത്തുവിട്ട് ഐഎസ്ആർഒ. പ്രഗ്യാൻ റോവർ ഇന്നലെ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിനിടെ നാലു മീറ്റർ വ്യാസമുള്ള വലിയ ഗർത്തത്തിനു മുന്നിൽ നിന്നും റോവറിന്‍റെ സഞ്ചാരപാത തിരിച്ചുവിട്ടതായി ഐഎസ്ആർഒ അറിയിച്ചു.
"ഓഗസ്റ്റ് 23 ന് റോവർ സഞ്ചരിക്കുന്ന പാതയുടെ മൂന്നു മീറ്റർ ദൂരത്തായി 4 മീറ്റർ വ്യസമുള്ള ഗർത്തം കണ്ടു. ഇതേതുടർന്ന് വന്ന വളിക്കു തിരിച്ചു പോകാൻ റോവറിന് നിർദേശം നൽകി. ഇപ്പോൾ സുരക്ഷിതമായ മറ്റൊരു പാതയിലൂടെ റോവർ നീങ്ങുകയാണെന്നും ഐഎസ്ആർഒ എക്സിൽ കുറിച്ചു.'
ദക്ഷിണധ്രുവത്തിലെ താപവ്യതിയാനം പഠിച്ച ചന്ദ്രയാൻ-3 കഴിഞ്ഞ ദിവസം വിവരങ്ങൾ പുറത്തുവിട്ടിരുന്നു. വിക്രം ലാൻഡറിലെ ചേസ്റ്റ് പേ ലോഡിൽ നിന്നുള്ള നിർണായക വിവരങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. മേൽമണ്ണിനു തൊട്ടുമുകളിലുള്ള ഭാഗം, മേൽമണ്ണ്, തൊട്ടുതാഴെയുള്ള ഭാഗം എന്നിവയിൽ അതിശയിപ്പിക്കുന്ന വിധത്തിൽ താപനില വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ഇസ്രൊ. ഉപരിതലത്തിൽ നിന്നു താഴേക്കു നീങ്ങുമ്പോൾ താപനില പെട്ടെന്നു താഴുന്നു. ഉപരിതലത്തിൽ 50-60 ഡിഗ്രി സെൽഷ്യസിനോടടുത്താണു താപനില. 80 മില്ലിമീറ്റര്‍ താഴേക്ക് എത്തുമ്പോള്‍ താപനില മൈനസ് 10 ഡിഗ്രി സെല്ഷ്യസിലേക്കെത്തുന്നതായി ഗ്രാഫിൽ സൂചിപ്പിക്കുന്നു.