സ്വർണ്ണക്കട്ടകൾ, ആഭരണങ്ങൾ, ആഡംബര വാച്ചുകൾ..; അഹമ്മദാബാദിലെ പൂട്ടിയിട്ട ഫ്ളാറ്റിൽ നിന്നും പിടികൂടിയത് 100 കോടിയുടെ വസ്തുക്കൾ !!

57 കിലോഗ്രാം സ്വർണ്ണമെങ്കിലും വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കടത്തിയതായി പൊലീസ്
Rs 100 worth crore items seized from locked flat in Ahmedabad

സ്വർണ്ണക്കട്ടകൾ, ആഭരണങ്ങൾ, ആഡംബര വാച്ചുകൾ..; അഹമ്മദാബാദിലെ പൂട്ടിയിട്ട ഫ്ളാറ്റിൽ നിന്നും പിടികൂടിയത് 100 കോടിയുടെ വസ്തുക്കൾ !!

Updated on

ഗുജറാത്ത്: ഗുജറാത്തിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അഹമ്മദാബാദിലെ പൂട്ടിയിട്ട ഒരു അപ്പാർട്ട്മെന്‍റിൽ നടത്തിയ പരിശോധനയിൽ 100 കോടി രൂപയുടെ സ്വര്‍ണവും ആഭരണങ്ങളും പണവും ആഡംബര വാച്ചുകളും പിടിച്ചെടുത്തു. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളക്കടത്ത് വിരുദ്ധ ഏജൻസിയായ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) യുമായി സഹകരിച്ചാണ് റെയ്ഡ് നടത്തിയത്.

റെയ്ഡിൽ 87.9 കിലോഗ്രാം സ്വർണ്ണക്കട്ടികൾ, 19.6 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ, കോടിക്കണക്കിന് വിലമതിക്കുന്ന 11 വാച്ചുകൾ, 1.37 കോടി രൂപ എന്നിവ കണ്ടെടുത്തു. പിടിച്ചെടുത്ത പണത്തിന്‍റെ അളവ് വലുതായിരുന്നതിനാൽ പണം എണ്ണുന്ന യന്ത്രം കൊണ്ടുവന്നാണ് നോട്ട് എണ്ണി തിട്ടപ്പെടുത്തിയത്. കുറഞ്ഞത് 57 കിലോഗ്രാം സ്വർണ്ണമെങ്കിലും വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കടത്തിയതായി പൊലീസ് കരുതുന്നു.

മേഘ് ഷാ എന്നയാളാണ് ഈ അപ്പാർട്ട്മെന്‍റ് വാടകയ്ക്കെടുത്തിരിക്കുന്നത്. ഇയാളാണ് പ്രതിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇയാളുടെ പിതാവ് ദുബായില്‍ ബിസിനസുകാരനും സ്‌റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപനും കൂടിയാണ്. ഇരുവരും കുറെക്കാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇരുവരും വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടാകാമെന്നാണ് എടിഎസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

അഹമ്മദാബാദ് ഡിഎസ്പിക്കു ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (എടിഎസ്) സുനിൽ ജോഷി പറഞ്ഞു. അതേ കെട്ടിടത്തിന്‍റെ നാലാം നിലയിൽ താമസിക്കുന്ന ഒരു ബന്ധുവിന്‍റെ വീട്ടില്‍ നിന്നാണ് ഫ്‌ളാറ്റിന്‍റെ താക്കോല്‍ പൊലീസ് കണ്ടെത്തുന്നത്. ഇയാൾക്ക് ഇതുമായി ബന്ധമുണ്ടോ എന്നും സംഭവം അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഗുജറാത്ത് എടിഎസ് കേസ് ഡിആർഐക്ക് കൈമാറി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com