
അഹമ്മദാബാദ്: രാജ്യത്തെ വിവിധ ധനകാര്യസ്ഥാപനങ്ങളിലും നിക്ഷേപ പദ്ധതികളിലുമായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1.84 ലക്ഷം കോടി രൂപയെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഈ പണം അവകാശികളെ തിരികെ ഏൽപ്പിക്കാനും ബോധവത്കരണവും ലക്ഷ്യമിട്ടുള്ള പ്രചാരണപരിപാടിക്ക് നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം തുടക്കമിട്ടു.
രാജ്യത്തെ ബാങ്കുകൾ, ആർബിഐ, ഇൻഷ്വറൻസ് കമ്പനികൾ, മ്യൂച്ചൽ ഫണ്ടുകൾ, പ്രൊവിഡന്‍റ് ഫണ്ട് അക്കൗണ്ടുകൾ എന്നിവയിൽ അടക്കമുള്ളവയിലാണ് ഇത്രയും പണം കെട്ടിക്കിടക്കുന്നത്.
ആ പണം സർക്കാർ സ്വത്തല്ല. വ്യക്തികളുടെയും കുടുംബങ്ങളുടെയുമാണ്- നിർമ്മല പറഞ്ഞു. രേഖകൾ നഷ്ടപ്പെട്ടതുകാരണമോ നയങ്ങൾ വിസ്മരിച്ചുപോയതുകൊണ്ടോ വേണ്ടത്ര അവബോധമില്ലാത്തുമൂലമോ ആവാം ഇത്തരം തുകകൾ ഉയരുന്നത്. ഉടമയുടെ കൈയെത്തും ദൂരത്തുള്ള എന്നാൽ കൈകളിൽ വന്നുചേരാത്ത പാകമായ പഴംപോലെയാണ് ഈ തുകയെന്നും നിർമ്മല കൂട്ടിച്ചേർത്തു.