

ആര്‍എസ്എസ് ദേശീയ എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച മുതല്‍
ജബല്‍പുര്‍ (മധ്യപ്രദേശ്): ആര്‍എസ്എസ് വാര്‍ഷിക കാര്യകാരി മണ്ഡല്‍ ബൈഠക് ജബല്‍പുരില്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ നടക്കുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ 46 സംഘടനാ പ്രാന്തങ്ങളില്‍ നിന്നുള്ള 407 കാര്യകര്‍ത്താക്കള്‍ പങ്കെടുക്കും. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സര്‍കാര്യവാഹുമാര്‍, അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.
വിജയദശമിയോടെ ആരംഭിച്ച സംഘ ശതാബ്ദി കാര്യക്രമങ്ങളുടെ പുരോഗതി വിലയിരുത്തും. നാഗ്പൂരില്‍ നടന്ന വിജയദശമി പരിപാടിയില്‍ ദലൈ ലാമയുടെയും മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെയും സന്ദേശങ്ങളോടെയാണ് ശതാബ്ദി പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. നാഗ്പുരിലെ പരിപാടിയില്‍ മാത്രം പൂര്‍ണ ഗണവേഷത്തില്‍ 14,101 സ്വയംസേവകര്‍ പങ്കെടുത്തു. വിദേശത്തു നിന്നുള്ള പ്രത്യേക ക്ഷണിതാക്കളും സന്നിഹിതരായിരുന്നു.
രാജ്യത്തുടനീളം ശതാബ്ദി പ്രവര്‍ത്തന ഭാഗമായുള്ള ഗൃഹ സമ്പര്‍ക്കം വ്യത്യസ്ത കാലയളവുകളിലാണ് ഓരോ സംസ്ഥാനത്തും നടക്കുന്നത്. 25 മുതല്‍ 40 ദിവസം വരെ തുടരുന്ന സമ്പര്‍ക്കത്തിന്‍റെ ഭാഗമായി ലഘുലേഖകളും സംഘ സാഹിത്യങ്ങളുമായി എല്ലാ വീടുകളിലും സ്വയംസേവകരെത്തും. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ സമ്പര്‍ക്ക പരിപാടി നടന്നുവരികയാണ്. കുടുംബ മൂല്യങ്ങളുടെ സംരക്ഷണം, സാമൂഹിക ഐക്യം, പരിസ്ഥിതി സൗഹൃദ ജീവിതശൈലി, സ്വദേശി, പൗരബോധം എന്നീ പഞ്ചപരിവര്‍ത്തന സന്ദേശമാണ് സമ്പര്‍ക്കത്തിന്‍റെ പ്രധാന ഊന്നല്‍.
നവംബര്‍ 8, 9 തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ബംഗളൂരുവിലെ സംവാദ സഭയില്‍ പങ്കെടുക്കും. സിഖ് ഗുരു തേജ് ബഹാദൂറിന്‍റെ 350ാം ബലിദാന വാര്‍ഷികവും വീര ബിര്‍സ മുണ്ടയുടെ 150ാം ജന്മവാര്‍ഷികവും പ്രമാണിച്ച് കാര്യകാരി മണ്ഡല്‍ പ്രത്യേക പ്രസ്താവന പുറപ്പെടുവിക്കുമെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മഹാകോസല്‍ പ്രാന്ത സംഘചാലക് ഡോ. പ്രദീപ് ദുബെയും പങ്കെടുത്തു.