യുപിയിൽ ബിജെപിയെ ആർഎസ്എസ് കൈവിട്ടോ?

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുർബലരെന്നു വിലയിരുത്തിയ 35 പേർക്ക് സ്ഥാനാർഥിപ്പട്ടികയിൽ കടന്നുകൂടി. യോഗി നിർദേശിച്ച 35 പേരെ കേന്ദ്ര നേതൃത്വം വെട്ടുകയും ചെയ്തു.
യുപിയിലെ ബിജെപിയെ ആർഎസ്എസ് കൈവിട്ടോ?
Yogi Adityanath

ലക്നൗ: മൂന്നാമൂഴത്തിലും തനിച്ചു കേവല ഭൂരിപക്ഷമെന്ന ബിജെപിയുടെ ലക്ഷ്യത്തിന് ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത് ഉത്തർപ്രദേശിൽ നിന്നായിരുന്നു. 2014ൽ 71ഉം 2019ൽ 62ഉം സീറ്റുകൾ ബിജെപിക്കു നൽകിയ സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് 33 മാത്രം. 70 സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു ഇവിടെ ബിജെപി. സ്ഥാനാർഥി നിർണയത്തിലെ വീഴ്ചകളും ആർഎസ്എസിന്‍റെ നിസംഗതയുമടക്കം പ്രശ്നങ്ങളാണ് ഇത്തവണ യുപിയിൽ പാർട്ടിക്കു തിരിച്ചടിയായതെന്നാണു പ്രാഥമിക നിഗമനം.

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും താഴേത്തട്ടിൽ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ആർഎസ്എസ് ആയിരുന്നു. വോട്ടർമാരെ കൃത്യമായി ബൂത്തിലെത്തിക്കുന്നതിൽ വരെ നീണ്ടു ആർഎസ്എസ് പ്രവർത്തകരുടെ സേവനം. എന്നാൽ, ഇത്തവണ ഇവരുടെ അസാന്നിധ്യം ദൃശ്യമായിരുന്നു തെരഞ്ഞെടുപ്പ് രംഗത്ത്.

പ്രാദേശിക നേതൃത്വത്തിനു താത്പര്യമുള്ളവരായിരുന്നില്ല പല മണ്ഡലങ്ങളിലും സ്ഥാനാർഥികൾ. പ്രാദേശിക തലത്തിൽ എതിർത്തവരെപ്പോലും കേന്ദ്ര നേതൃത്വം സ്ഥാനാർഥിയാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുർബലരെന്നു വിലയിരുത്തിയ 35 പേർക്ക് സ്ഥാനാർഥിപ്പട്ടികയിൽ കടന്നുകൂടി. യോഗി നിർദേശിച്ച 35 പേരെ കേന്ദ്ര നേതൃത്വം വെട്ടുകയും ചെയ്തു.

മോദിക്കു 400 സീറ്റുകളോടെ മൂന്നാമൂഴം ലഭിച്ചാൽ ഭരണഘടന മാറ്റുമെന്നും സംവരണം ഇല്ലാതാക്കുമെന്നുമുള്ള കോൺഗ്രസിന്‍റെയും എസ്പിയുടെയും പ്രചാരണവും ദളിത്, പിന്നാക്ക വിഭാഗങ്ങളിലെ വോട്ടർമാരെ ബാധിച്ചു. പിന്നാക്ക മുസ്‌ലിംകളിൽ (പസ്മന്ദ) നിന്ന് 7-10% വോട്ട് ബിജെപിക്കു ലഭിച്ചിരുന്നു. എന്നാൽ, മോദിയുടെ നുഴഞ്ഞുകയറ്റ, മംഗല്യസൂത്ര പരാമർശവും അവരെ ബിജെപിയിൽ നിന്നകറ്റി. 2019ൽ 59.21 ശതമാനമായിരുന്നു യുപിയിൽ പോളിങ്. ഇത്തവണ ഇത് 56.92 ശതമാനമായി കുറഞ്ഞു. തങ്ങൾ വോട്ട് ചെയ്തില്ലെങ്കിലും മോദിയുടെ ജനകീയതയിൽ ബിജെപി ജയിക്കുമെന്ന് ഒരു വിഭാഗം പാർട്ടി അണികൾ കരുതിയിരുന്നു. എന്നാൽ, ബിജെപി വിരുദ്ധ വോട്ടർമാർ ഇത് ജീവൻമരണപ്പോരാട്ടമായി കണ്ട് കൃത്യമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതടക്കം രാഷ്‌ട്രീയ എതിരാളികൾക്കെതിരേ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ആരോപണവും മോദിക്കെതിരേ ഒരു വിഭാഗത്തിൽ വികാരമുണ്ടാക്കി. മോദി ഏകാധിപതിയായി മാറുന്നുവെന്ന തോന്നൽ ഇവരെ ബിജെപിയിൽ നിന്നകറ്റിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇതിനു പുറമേയായിരുന്നു രജപുത്രരുടെ രോഷം. പശ്ചിമയുപിയിൽ 10 ശതമാനത്തിലേറെ വോട്ടർമാരുള്ള രജപുത്രരിൽ നിന്ന് ഒരാൾക്കാണു ബിജെപി സീറ്റ് നൽകിയത്. ഇതിനെതിരേ രജപുത്ര സംഘടനകൾ മഹാപഞ്ചായത്ത് വിളിച്ച് പ്രതിഷേധിച്ചിരുന്നു. കൂനിന്മേൽകുരു പോലെയായി മന്ത്രി സഞ്ജീവ് കുമാർ ബല്യാൻ രജപുത്രരെ അപമാനിച്ചെന്ന ആരോപണം. രജപുത്ര രോഷം മുതലെടുത്ത എസ്പി ഈ വിഭാഗത്തിൽ നിന്നു കൂടുതൽ സ്ഥാനാർഥികളെ അവതരിപ്പിച്ചു.

പടിഞ്ഞാറൻ യുപി (10 സീറ്റുകൾ), പൂർവാഞ്ചൽ (26), അവധ് (20), ബ്രജ് (8), ബുന്ദേൽഖണ്ഡ് (5), റോഹിൽഖണ്ഡ് (11) എന്നിങ്ങനെ ആറു മേഖലകളായാണു യുപിയെ പൊതുവേ വിലയിരുത്തുന്നത്. പടിഞ്ഞാറൻ ഉത്തർപ്രദേശ് മുതൽ പൂർവാഞ്ചൽ വരെ സംസ്ഥാനത്തിന്‍റെ എല്ലാ മേഖലകളിലും വലിയ നഷ്ടമാണു പാർട്ടി നേരിട്ടത്.

അമേഠിയും റായ്ബറേലിയും ലക്നൗവുമുൾപ്പെടെ ഇരുപതു സീറ്റുള്ള അവധിൽ എസ്പി ഏഴും കോൺഗ്രസ് നാലും സീറ്റുകൾ നേടിയപ്പോൾ ബിജെപിക്ക് ഒമ്പതു സീറ്റുകളായി ചുരുങ്ങി. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദിലും മേനക ഗാന്ധിയുടെ മണ്ഡലമായ സുൽത്താൻപുരിലും പാർട്ടി തോൽവിയറിഞ്ഞു.

Trending

No stories found.

Latest News

No stories found.