
സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ നിന്നും നീക്കം ചെയ്യണം: ആർഎസ്എസ്
ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ആർഎസ്എസ്. സംഘടനയുടെ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ന്യൂഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
അംബേദ്കർ വിഭാവനം ചെയ്ത ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ഉണ്ടായിരുന്നില്ല. അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തതാണ് ഈ വാക്കുകള്‍ എന്നും അവ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
''1976 ലാണ് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകൾ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തി 42-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയത്. അടിയന്തരാവസ്ഥ കാലത്ത് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തു. പിന്നീട് അവ നീക്കം ചെയ്യാന്‍ ശ്രമിച്ചില്ല. അവ നിലനിർത്തണമോ എന്നതിൽ ചർച്ചകൾ നടക്കേണ്ടതുണ്ട്. ബാബാസാഹേബ് അംബേദ്കറുടെ പേരിലുള്ള ഈ കെട്ടിടത്തില്‍നിന്നാണ് ഞാന്‍ ഇത് പറയുന്നത്, അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ ഈ വാക്കുകള്‍ ഇല്ലായിരുന്നു.'' എന്നാണ് ദത്താത്രേയ ഹൊസബാളെയുടെ പ്രസംഗത്തിൽ പറഞ്ഞത്.