
ഹരിയാന: സ്വവർഗ വിവാഹത്തിനു നിയമസാധുത നൽകരുതെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെ പിന്തുണച്ച് ആർഎസ്എസ്. എതിർലിംഗത്തിൽപ്പെട്ട രണ്ടു പേർ തമ്മിൽ മാത്രമേ വിവാഹം നടക്കൂ എന്നും കേന്ദ്ര സർക്കാരിന്റെ നിലപാടിനോടു യോജിക്കുന്നുവെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ വ്യക്തമാക്കി.
മൂന്നു ദിവസത്തെ ദേശീയ എക്സിക്യൂട്ടിവ് യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയാരുന്നു ഹൊസബാളെ. സ്വവർഗ വിവാഹങ്ങൾക്കു നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളെ കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം സുപ്രീം കോടതിയിൽ എതിർത്തിരുന്നു. വ്യക്തിനിയമങ്ങളുടെയും അംഗീകൃത സാമൂഹിക മൂല്യങ്ങളുടെയും സന്തുലിതാവസ്ഥയെ സ്വവർഗ വിവാഹങ്ങൾ സമ്പൂർണമായി ഇല്ലാതാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.
ഹർജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടിരിക്കുകയാണ്. 'എതിർ ലിംഗത്തിലുള്ളവര്‍ തമ്മില്‍ വേണം വിവാഹിതരാവേണ്ടത്. ഒരേ ലിംഗത്തിലുള്ളവര്‍ ഒരുമിച്ചു താമസിക്കുന്നതു മറ്റൊരു കാര്യമാണ്. എന്നാല്‍ ഹിന്ദു ജീവിതദര്‍ശനമനുസരിച്ച് വിവാഹമെന്നത് സ്ത്രീയും പുരുഷനും കുടുംബത്തിനായും സമൂഹത്തിനായും ഒന്നുചേരുന്നതാണ്''- ഹൊസബാളെ ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യ ഇപ്പോൾത്തന്നെ ഹിന്ദു രാഷ്ട്രമാണെന്നും ഹൊസബാളെ പറഞ്ഞു. ഹിന്ദു രാഷ്ട്രമെന്നതു സാംസ്കാരിക സങ്കൽപ്പമാണ്. ഭരണഘടന പ്രകാരം അക്കാര്യം വീണ്ടും സ്ഥാപിക്കേണ്ടതില്ല. നേഷൻ, സ്റ്റേറ്റ് എന്നിവ രണ്ടു വ്യത്യസ്ത കാര്യങ്ങളാണ്. ഒന്ന് രാഷ്ട്രവും മറ്റൊന്ന് ഭരണകൂടവും. രാഷ്ട്രം എന്നത് സാംസ്കാരിക സങ്കൽപ്പമാണ്. രാജ്യം, അഥവാ സ്റ്റേറ്റ് എന്നത് ഭരണഘടനയാൽ സ്ഥാപിക്കപ്പെട്ടതാണ്. സാംസ്കാരിക സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിൽ ഭാരതം ഇതിനകം തന്നെ ഒരു ഹിന്ദുരാഷ്ട്രമാണ്. 100 വർഷമായി ഞങ്ങൾ അതു തന്നെയാണു പറയുന്നത്. അതിനെ വീണ്ടും അങ്ങനെ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.
2025ൽ സംഘടനയുടെ നൂറാം വാർഷകത്തോടനുബന്ധിച്ച് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന എതിരാളികളുടെ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഹൊസബാളെയുടെ പ്രസ്താവന.