8,000 കിട്ടിയാലോ...! ബംഗളൂരുവിൽ പോസ്റ്റ് ഓഫിസ് അക്കൗണ്ട് തുറക്കാൻ തിരക്ക്

അക്കൗണ്ട് തുറക്കുന്ന ദിവസം മുതൽ പണമെത്തുമെന്ന് അയൽക്കാർ പറഞ്ഞതിനാലാണ് താൻ വന്നതെന്ന് മറ്റൊരു സ്ത്രീ പറഞ്ഞു
infront of banglore post office
infront of banglore post office

ബംഗളൂരു: കേന്ദ്രത്തിൽ "ഇന്ത്യ' മുന്നണി അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിൽ പോസ്റ്റ് ഓഫിസ് അക്കൗണ്ട് തുറക്കാൻ നഗരത്തിൽ സ്ത്രീകളുടെ തിരക്ക്. ബംഗളൂരു ജനറൽ പോസ്റ്റ് ഓഫിസിലാണ് ഇന്ത്യ പോസ്റ്റ് പെയ്മെന്‍റ് ബാങ്ക് അക്കൗണ്ടിന് ആവശ്യക്കാരേറിയത്. കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണി അധികാരത്തിൽ വരുന്നതോടെ എല്ലാ സ്ത്രീകളുടെയും അക്കൗണ്ടിൽ പ്രതിമാസം 8500 രൂപ കിട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ബംഗളുരു ജനറൽ പോസ്റ്റ് ഓഫിസിനു മുന്നിൽ സ്ത്രീകളുടെ, പ്രത്യേകിച്ച് ബുർഖ ധരിച്ച ന്യൂനപക്ഷ വനിതകളുടെ നീണ്ട നിരയാണ് കഴിഞ്ഞ ദിവസങ്ങളിൽ രൂപംകൊണ്ടത്. താൻ പുലർച്ചെ മുതൽ വരി നിൽക്കുകയാണെന്ന് ഒരു സ്ത്രീ പറഞ്ഞു. അക്കൗണ്ട് തുറക്കുന്ന ദിവസം മുതൽ പണമെത്തുമെന്ന് അയൽക്കാർ പറഞ്ഞതിനാലാണ് താൻ വന്നതെന്ന് മറ്റൊരു സ്ത്രീ പറഞ്ഞു.

ശിവാജിനഗർ, ചാമരാജ്പേട്ട് പ്രദേശങ്ങളിൽ നിന്നുള്ളവരാണു പണം കിട്ടുമെന്ന പ്രതീക്ഷയിലെത്തിയവരിൽ ഭൂരിപക്ഷവും. അക്കൗണ്ട് തുറക്കുന്നവർക്ക് തപാൽ വകുപ്പ് 2000 രൂപയോ 8500 രൂപയോ ഉടൻ നൽകുമെന്ന പ്രചാരണം വിശ്വസിച്ചെത്തിയവരാണ് ഇവരെന്നു ബംഗളൂരു ജനറൽ പോസ്റ്റ് ഓഫിസ് ചീഫ് പോസ്റ്റ് മാസ്റ്റർ എച്ച്.എം. മഞ്ജേഷ് പറഞ്ഞു. ""ആരോ പരത്തിയ അഭ്യൂഹമാണ്. തപാൽ വകുപ്പ് ആർക്കും പണം നൽകുന്നില്ല. എന്നാൽ, സർക്കാരിന്‍റെ ആനുകൂല്യങ്ങൾ നേരിട്ട് ലഭിക്കാൻ ഈ അക്കൗണ്ട് ഉപയോഗിക്കാം. ഇതുവരെ വന്ന സ്ത്രീകളോട് ഞങ്ങൾ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് പോസ്റ്ററുകളും സ്ഥാപിച്ചു ''- മഞ്ജേഷ് കൂട്ടിച്ചേർത്തു.

അതേസമയം, തിരക്കുകൂടിയതോടെ പോസ്റ്റ് ഓഫിസിന്‍റെ മുറ്റത്ത് പുതിയ അക്കൗണ്ട് തുറക്കുന്നതിന് പ്രത്യേക കൗണ്ടർ ആരംഭിച്ചു. മുൻപ് 50-60 അക്കൗണ്ടുകളാണ് ഒരു കൗണ്ടറിൽ തുറന്നിരുന്നത്. എന്നാലിപ്പോൾ 500- 600 പേരാണെത്തുന്നത്. ഇത് 1000വരെയെത്തിയ ദിവസങ്ങളുമുണ്ടെന്ന് അധികൃതർ. മൂന്നു ദിവസത്തിനിടെയാണു തിരക്ക് അധികമായതെന്നും അഭ്യൂഹം പ്രചരിപ്പിച്ചതിനു പിന്നിൽ ചില കോൺഗ്രസ് എംഎൽഎമാരുമുണ്ടെന്നാണു വിവരം. ജൂൺ നാലിന് "ഇന്ത്യ' മുന്നണി അധികാരത്തിൽ വരുമെന്നും അതോടെ കോൺഗ്രസ് പ്രഖ്യാപിച്ച മഹാലക്ഷ്മി പദ്ധതി പ്രകാരം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ വീട്ടമ്മമാർക്ക് മാസം 8500 രൂപ അക്കൗണ്ടിൽ നേരിട്ടെത്തുമെന്നുമാണ് ഇവർ പ്രചരിപ്പിച്ചത്. കർണാടകയിൽ ബിപിഎൽ കുടുംബനാഥകൾക്ക് നിലവിൽ ഗൃഹലക്ഷ്മി പദ്ധതി പ്രകാരം മാസം 2000 രൂപ നൽകുന്നുണ്ട് സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com