ചൈനയിലേക്ക് ഇന്ധനവുമായി പോയ റഷ്യൻ കപ്പിൽ ഇന്ത്യയിലേക്ക് യു-ടേൺ അടിച്ചു

അക്വാ ടൈറ്റന്‍ എന്ന റഷ്യൻ ടാങ്കറിനെയാണ് തെക്കൻ ചൈനാക്കടലിലൂടെയുള്ള യാത്രയ്ക്കിടെ ഇന്ത്യയിലേക്കു തിരിച്ചുവിട്ടത്
Russian tanker makes U-turn to India

അക്വാ ടൈറ്റൻ

Updated on

ന്യൂഡല്‍ഹി: ചൈനയിലേക്ക് എണ്ണയുമായി യാത്ര തിരിച്ച റഷ്യന്‍ ടാങ്കര്‍ ഇന്ത്യയിലേക്ക്. അക്വാ ടൈറ്റന്‍ എന്ന റഷ്യൻ ടാങ്കറിനെയാണ് തെക്കൻ ചൈനാക്കടലിലൂടെയുള്ള യാത്രയ്ക്കിടെ ഇന്ത്യയിലേക്കു തിരിച്ചുവിട്ടത്. കപ്പല്‍ 21ന് ന്യൂ മംഗലാപുരം തുറമുഖത്തെത്തും. ജനുവരി അവസാനത്തോടെ ബാള്‍ട്ടിക് കടല്‍ തുറമുഖത്തു നിന്നാണ് എണ്ണയുമായി അക്വാ ടൈറ്റന്‍ ചൈനീസ് തുറമുഖമായ റിസാവോയിലേക്കു തിരിച്ചത്.

ആഗോള എണ്ണ പ്രതിസന്ധിക്കിടെ ഊര്‍ജ വിതരണം ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണു റഷ്യൻ ടാങ്കറിനെ ഇന്ത്യയിലെത്തിക്കുന്നത്. ഷിപ്പിങ് അനലിറ്റിക്‌സ് സ്ഥാപനമായ വോര്‍ടെക്‌സ ലിമിറ്റഡിന്‍റെ കണക്കനുസരിച്ച് റഷ്യന്‍ ക്രൂഡ് ഓയില്‍ വഹിക്കുന്ന ഏഴ് ടാങ്കറുകളെങ്കിലും ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കു തിരിച്ചുവിട്ടിട്ടുണ്ട്.

യുഎസ് സമ്മർദം മൂലം നേരത്തെ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ഇന്ത്യ കുറച്ചിരുന്നു. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോളതലത്തില്‍ ഊര്‍ജ പ്രതിസന്ധിയുണ്ടാക്കിയതോടെ ഇന്ത്യ വീണ്ടും റഷ്യൻ എണ്ണ ഇറക്കുമതി വർധിപ്പിച്ചു. യുഎസ് നിയന്ത്രണം നീക്കിയശേഷമുള്ള ആഴ്ചയിൽ ഇന്ത്യന്‍ റിഫൈനറികള്‍ മൂന്നു കോടി ബാരല്‍ റഷ്യന്‍ എണ്ണ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ, യുഎഇയിൽ നിന്ന് 80,886 ടണ്‍ ക്രൂഡ് ഓയിലുമായി എണ്ണക്കപ്പൽ 'ജഗ് ലാഡ്കി' ഇന്നലെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി. തിങ്കളാഴ്ച ശിവാലിക് എന്ന കപ്പലും, ചൊവ്വാഴ്ച നന്ദാ ദേവി എന്ന കപ്പലും ഹോര്‍മുസ് കടന്ന് എല്‍പിജിയുമായി ഗുജറാത്തിലെത്തിയിരുന്നു. ഇരുകപ്പലുകളിലുമായി 92,712 ടണ്‍ എല്‍പിജിയാണ് ഇന്ത്യയിലെത്തിച്ചത്. 20 കപ്പലുകള്‍ ഇപ്പോഴും ഹോർമുസിലൂടെ കടന്നുവരാൻ അനുമതിക്കായി കാത്തിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com