
റഷ്യൻ യുവതി മകനുമായി ഒളിവിൽ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ സുപ്രീം കോടതിയുടെ നിർദേശം
file image
ന്യൂഡൽഹി: വിവാഹമേചന കേസ് പുരോഗമിക്കുന്നതിനിടയിൽ മകനുമായി റഷ്യൻ യുവതി ഒളിവിൽ പോയെന്ന ഇന്ത്യൻ യുവാവിന്‍റെ പരാതിയിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ സുപ്രീം കോടതിയുടെ നിർദേശം. യുവതിയെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങൾക്കാണ് സുപ്രീം കോടതി നിർദേശം നൽകിയത്. ഇന്ത്യക്കാരനായ സൈക്കത് ബസു എന്നയാൾ നൽകിയ കുട്ടിയുടെ സംരക്ഷണാവകാശ കേസിലാണ് കോടതി നടപടി.
വിക്ടോറിയ ബസു എന്ന റഷ്യൻ യുവതിയാണ് അഞ്ച് വയസ്സുള്ള മകനുമായി ഒളിവിൽ പോയത്. സംരക്ഷണാവകാശ കരാർ പ്രകാരം അമ്മയോടൊപ്പമായിരുന്നു കുട്ടി. ഇരുവരെയും ജൂലൈ ഏഴ് മുതൽ കാണാനില്ലെന്നാണ് പിതാവിന്‍റെ പരാതി. യുവതി എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു അവരുടെ അഭിഭാഷകന്‍റെയും വാദം.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കാണാതായ കുട്ടിയെ കണ്ടെത്താനും സംരക്ഷണാവകാശം പിതാവിന് കൈമാറാനും ഡൽഹി പൊലീസിനോട് കോടതി നിർദേശിച്ചു. യുവതിയുടെ പാസ്‌പോർട്ട് പിടിച്ചെടുക്കാനും കോടതി ഉത്തരവിൽ പറയുന്നു. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്.
യുവതി എവിടെയാണെന്ന് അറിയില്ലെന്ന് പറഞ്ഞ അവരുടെ അഭിഭാഷകന്‍റെ വാദത്തെ കോടതി വിശ്വാസത്തിലെടുത്തില്ല. ഡൽഹിയിലെ സാകേതിലുള്ള കുടുംബ കോടതിയിൽ ഇരുവരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് പുരോഗമിക്കുകയാണ്. തന്നിൽ നിന്ന് അകന്നു കഴിയുന്ന ഭാര്യ ഈ മാസം ആദ്യം ലഗേജുകളുമായി ഡൽഹിയിലെ റഷ്യൻ എംബസിയുടെ പിൻവാതിലിലൂടെ രഹസ്യമായി പ്രവേശിക്കുന്നത് കണ്ടതായി യുവാവ് ആരോപിച്ചു.
ഒരു എംബസി ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അമ്മയും കുട്ടിയും ഇതിനോടകം ഇന്ത്യ വിട്ടിരിക്കാമെന്ന് ഭയക്കുന്നതായി അദ്ദേഹം കോടതിയെ അറിയിച്ചു. കുട്ടി ആഴ്ചയിൽ മൂന്ന് ദിവസം അമ്മയോടൊപ്പം കഴിയണമെന്ന സംരക്ഷണാവകാശ കരാർ നിലവിലുണ്ടായിരുന്നുവെന്ന് പിതാവ് പറഞ്ഞു. മെയ് 22-നാണ് യുവതി കുട്ടിയെ കൊണ്ടുപോയതെന്നും, അന്നാണ് താൻ അവസാനമായി കുട്ടിയെ കണ്ടതെന്നും യുവാവ് കോടതിയെ അറിയിച്ചു.