
ന്യൂഡൽഹി: ജി 20 ഉച്ചകോടി യുക്രെയ്‌ൻ യുദ്ധം സംബന്ധിച്ച ചർച്ചകളിലേക്കു കേന്ദ്രീകരിക്കുന്നത് തടയാൻ ഇന്ത്യയ്ക്കു കഴിഞ്ഞെന്നു റഷ്യ. ഇക്കാര്യത്തിൽ ഇന്ത്യയുടെ സമീപനം പ്രശംസനീയമെന്ന് ഉച്ചകോടിയിൽ റഷ്യയെ പ്രതിനിധാനം ചെയ്ത പ്രതിരോധ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. ഉച്ചകോടിയെ രാഷ്‌ട്രീയവത്കരിക്കാനുള്ള ശ്രമം ഇന്ത്യ ഫലപ്രദമായ ഇടപെടലിലൂടെ തടഞ്ഞു. ഉച്ചകോടി വൻ വിജയമാണ്.
ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനമുണ്ടായതിനെക്കുറിച്ചുള്ള ചോദ്യത്തിന് "അവർ അതിനു സമ്മതിച്ചു. ഒരു പക്ഷേ, അവരുടെ മനഃസാക്ഷിയുടെ ശബ്ദമായിരിക്കാം. തുറന്നു പറഞ്ഞാൽ, ഞങ്ങളത് പ്രതീക്ഷിച്ചില്ല' എന്നായിരുന്നു ലാവ്റോവിന്‍റെ മറുപടി. യുക്രെയ്നെയും റഷ്യയെയും പരാമർശിക്കുന്ന ഭാഗങ്ങൾ പ്രഖ്യാപനത്തിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്നു വേർതിരിക്കാനാവില്ലെങ്കിലും അതിലെ പ്രധാന ശ്രദ്ധ തെക്കൻ രാജ്യങ്ങളുടെ ഉയർത്തെഴുന്നേൽപ്പിനാണ്. പടിഞ്ഞാറിന് ഇനിയുള്ളകാലം മേധാവിത്വം തുടരനാകില്ല. ലോകത്ത് പുതിയ ശക്തികേന്ദ്രങ്ങൾ ഉയരുകയാണ്. കാലാവസ്ഥാ വ്യതിയാനം നേരിടാൻ വർഷം ലക്ഷം കോടി ഡോളർ നൽകുമെന്ന വാഗ്ദാനം പാലിക്കാൻ പടിഞ്ഞാറൻ രാജ്യങ്ങൾ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്‌നുമായി ഇപ്പോഴൊരു വെടിനിർത്തലുണ്ടാകുമെന്നു കരുതുന്നില്ല. അവർ ഞങ്ങൾക്കു നേരേ ഭീഷണിമുഴക്കുകയാണ്. 18 മാസം മുൻപ് ഞങ്ങളൊരു ഉടമ്പടിയുണ്ടാക്കിയിരുന്നു. എന്നാൽ, പടിഞ്ഞാറൻ രാഷ്‌ട്രങ്ങളുടെ പ്രേരണയിൽ യുക്രെയ്‌ൻ പ്രസിഡന്‍റ് വൊളൊഡിമിർ സെലെൻസ്കി അതിൽ ഒപ്പിടാൻ മടിച്ചു. ഞങ്ങൾ ഖേദം പ്രകടിപ്പിക്കുമെന്നാണ് അവർ കരുതുന്നത്. അതു നടക്കില്ല- ലാവ്റോവ് പറഞ്ഞു.
റഷ്യയുടെ ഒറ്റപ്പെടൽ ഉറപ്പാക്കിയെന്ന് ഫ്രാൻസ്
ജി20ലെ സംയുക്ത പ്രഖ്യാപനം റഷ്യയുടെ ഒറ്റപ്പെടൽ ഉറപ്പാക്കിയെന്നു ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. ജി20ലെ ഭൂരിപക്ഷം രാജ്യങ്ങളും യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെ അപലപിച്ചു. റഷ്യ ഇപ്പോഴും യുദ്ധം തുടരുകയാണ്. എന്നാൽ, പരമാധികാരത്തിന്‍റെയും ഭൂമിശാസ്ത്ര അഖണ്ഡതയുടെയും മൂല്യങ്ങളെക്കുറിച്ചുള്ള പരാമർശവും ഭൂമി കൈയടക്കാൻ ആരും ഭീഷണിയോ സൈനികബലമോ ഉപയോഗിക്കരുതെന്ന നിർദേശവും യുക്രെയ്‌നിൽ ജി20 സമാധാനമാണ് ആഗ്രഹിക്കുന്നതെന്നതിന്‍റെ സൂചകമാണ്. സമാധാനത്തിനുവേണ്ടിയുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്കു നന്ദിയുണ്ടെന്നും മാക്രോൺ.