പള്ളികളിൽ സ്ത്രീകൾക്ക് വിലക്കില്ല: മുസ്‌ലിം വ്യക്തി നിയമ ബോർഡ്

ശബരിമല കേസ് വാദത്തിനിടെയാണ് വിശദീകരണം
sabarimala case Muslim Personal Law Board

പള്ളികളിൽ സ്ത്രീകൾക്ക് വിലക്കില്ല: മുസ്‌ലിം വ്യക്തി നിയമ ബോർഡ്

Supreme Court of India

Updated on

ന്യൂഡൽഹി: പ്രാർഥനയ്ക്കു പള്ളികളിൽ പ്രവേശിക്കുന്നതിൽ നിന്ന് സ്ത്രീകളെ ഇസ്‌ലാം വിലക്കുന്നില്ലെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ്. മതാചാരങ്ങളിൽ കോടതികൾ നിയമപരമായ പരിശോധന നടത്തരുതെന്നും വ്യക്തി നിയമ ബോർഡ് ആവശ്യപ്പെട്ടു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജി പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ച് മുൻപാകെയാണ് വ്യക്തി നിയമ ബോർഡിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എം.ആർ. ഷംഷാദിന്‍റെ വാദം.

ചില നിയന്ത്രണങ്ങളോടെ സ്ത്രീകൾക്ക് പള്ളിയിൽ നിസ്കരിക്കാൻ ഇസ്‌ലാമിലെ എല്ലാ വിഭാഗങ്ങളും അനുവദിക്കുന്നുണ്ട്. അവർ വീട്ടിൽ തന്നെ നിസ്കരിക്കുന്നതിനോടാണ് കൂടുതൽ താത്പര്യമെങ്കിലും സംഘം ചേർന്നു പ്രാർഥിക്കുന്നതിന്‍റെ ഭാഗമാകാൻ അവർക്ക് വിലക്കില്ല. പുരുഷന്മാർ പള്ളിയിൽ പ്രാർഥിച്ചാൽ ലഭിക്കുന്നതിനു തുല്യമായ ഫലം സ്ത്രീകൾക്കു വീട്ടിൽ പ്രാർഥിച്ചാലും ലഭിക്കുമെന്നാണ് ഇസ്‌ലാമിക വിശ്വാസം. പള്ളികളിൽ ശ്രീകോവിൽ ഇല്ലെന്നും ഷംഷാദ് പറഞ്ഞു.

എല്ലാവരും പള്ളിയിലേക്കു പോയാൽ കുട്ടികളുടെ കാര്യം ആരു നോക്കുമെന്നതാണ് സ്ത്രീകളോട് വീട്ടിൽ പ്രാർഥിക്കാൻ നിർദേശിക്കുന്നതിന്‍റെ കാരണമെന്ന് ഈ ഘട്ടത്തിൽ ഇടപെട്ട ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള പറഞ്ഞു. എന്നാൽ, പള്ളിയിലെ കൂട്ടായ്മയുടെ ഭാഗമാകാൻ സ്ത്രീകളെ ഇസ്‌ലാം അനുവദിക്കുന്നില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന ചൂണ്ടിക്കാട്ടി.

പ്രവാചകനെ പിന്തുടരാൻ ഖുറാൻ ആവശ്യപ്പെടുന്നുണ്ടെന്നും ആരാധനാ രീതികൾ ഹദീസുകളിലാണ് പരാമർശിച്ചിരിക്കുന്നതെന്നും ഷംഷാദ് കോടതിയിൽ പറഞ്ഞു. ഒരാളുടെ വിശ്വാസവും ആചാരവും വ്യക്തിപരമായ താത്പര്യവുമടക്കം ഘടകങ്ങൾ കണക്കിലെടുത്താൽ ഒരു പ്രത്യേക മതത്തിലെ അനിവാര്യമായ ആചാരങ്ങൾ നിയമപരമായി നിർണയിക്കുന്നത് പ്രായോഗികമോ വിവേകപൂർണമോ ആവില്ലെന്നും ഷംഷാദ്.

ഹജ്ജ് പോലുള്ള ചില ഘട്ടങ്ങളിൽ ചില ആചാരങ്ങൾക്ക് മാറ്റമുണ്ട്. സാധാരണ രീതിയിലല്ല ആ സമയത്ത് നിസ്കാരം. കബറടക്ക സമയത്തും ആചാരങ്ങളിൽ മാറ്റമുണ്ട്. ഇസ്‌ലാമിന്‍റെ പശ്ചാത്തലത്തിൽ, ഒരു മതാചാരം അനിവാര്യമാണോ എന്നു നിശ്ചയിക്കുന്ന പ്രക്രിയ സങ്കീർണവും കഠിനവുമാണെന്നും അദ്ദേഹം.

2019ലെ ഇസ്‌മായിൽ ഫാറൂഖി കേസിലടക്കം വിധിന്യായങ്ങളിൽ ഇസ്‌ലാമിൽ പ്രാർഥനയ്ക്ക് പള്ളി അനിവാര്യമല്ലെന്നു പരാമർശിച്ചതിനെയും ഷംഷാദ് എതിർത്തു. എല്ലാ ആചാരങ്ങളും അന്തിമമായി പള്ളിയുമായി ബന്ധപ്പെട്ടാണ്. ഇക്കാര്യത്തിൽ നിരീക്ഷണം നടത്തണമെന്നും കോടതിയോട് അദ്ദേഹം അഭ്യർഥിച്ചു.

പുനഃപരിശോധനാ ഹർജിയിലെ എട്ടാം​​ ദിവസത്തെ വാദമാണ് ഇന്നലെ പൂർത്തിയായത്. ദാവൂദി ബോറ സമുദായത്തിന്‍റെ വാദവും ഇന്നലെ നടന്നു. 28ന് വാദം തുടരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com