സദാനന്ദ ഗൗഡ ബിജെപി വിടുമെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് പ്രബലമായ വൊക്കലിഗ വിഭാഗത്തിൽ നിന്നുള്ള പ്രമുഖ നേതാവാണു മുൻ കേന്ദ്ര മന്ത്രികൂടിയായ ഗൗഡ
സദാനന്ദ ഗൗഡ ബിജെപി  വിടുമെന്ന് റിപ്പോർട്ട്
Updated on

ബംഗളൂരു: തുടർച്ചയായ അവഗണനയും ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിഷേധത്തെയും തുടർന്നു കർണാടക മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ ബിജെപി വിടാനൊരുങ്ങുന്നു. തന്‍റെ ഹൃദയത്തിന് മുറിവേൽപ്പിക്കപ്പെട്ടെന്നും പാർട്ടി നേതാക്കൾ വിളിച്ചെങ്കിലും ശരിയായ വിഷയങ്ങളെക്കുറിച്ചു സംസാരിച്ചിട്ടില്ലെന്നും ഗൗഡ പറഞ്ഞു. ഇന്നു രാവിലെ പത്തരയ്ക്ക് പത്രസമ്മേളനത്തിൽ തീരുമാനം പ്രഖ്യാപിക്കുമെന്നാണു ഗൗഡ വ്യക്തമാക്കിയത്. മനഃസാക്ഷിയോടും കുടുംബാംഗങ്ങളോടും സംസാരിക്കാനുണ്ടെന്നും അദ്ദേഹം.

സംസ്ഥാനത്ത് പ്രബലമായ വൊക്കലിഗ വിഭാഗത്തിൽ നിന്നുള്ള പ്രമുഖ നേതാവാണു മുൻ കേന്ദ്ര മന്ത്രികൂടിയായ ഗൗഡ. കോൺഗ്രസിൽ ചേർന്ന് മൈസൂരു- കുടക് മണ്ഡലത്തിൽ സ്ഥാനാർഥിയായേക്കുമെന്നാണ് റിപ്പോർട്ട്. കർണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ ഗൗഡയുമായി ബന്ധപ്പെട്ടും സൂചനയുണ്ട്. വൊക്കലിഗ വിഭാഗത്തിൽ നിന്നുള്ള നേതാവാണ് ശിവകുമാർ.

ബംഗളൂരു നോർത്തിലെ സിറ്റിങ് എംപിയായ ഗൗഡയ്ക്കു പകരം കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലജെയെയാണ് ഇവിടേക്ക് നിയോഗിച്ചത്. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ വിശ്വസ്തയായ ശോഭ നിലവിൽ ഉഡുപ്പി- ചിക്കമംഗളൂരു എംപിയാണ്. പ്രാദേശിക എതിർപ്പിനെത്തുടർന്നാണു ശോഭയുടെ മണ്ഡലം മാറ്റം. അഴിമതിക്കേസിൽ യെദിയൂരപ്പ രാജിവച്ചപ്പോൾ മുഖ്യമന്ത്രിയായ സദാനന്ദ ഗൗഡ ആദ്യ മോദി സർക്കാരിൽ റെയ്‌ൽവേ, നിയമ വകുപ്പുകളിൽ മന്ത്രിയായിരുന്നു. യെദിയൂരപ്പയുമായി അകന്നതും മന്ത്രിയായുള്ള പ്രകടനത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ അതൃപ്തിയുമാണ് ഗൗഡയ്ക്ക് തിരിച്ചടിയായത്.

താൻ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് ഗൗഡ കഴിഞ്ഞ നവംബറിൽ പറഞ്ഞിരുന്നു. എന്നാൽ, സംസ്ഥാനത്തെ 28 മണ്ഡലങ്ങളിൽ ബംഗളൂരു നോർത്തിനു മാത്രം മറ്റാരും അവകാശികളില്ലെന്നും മത്സരിക്കണമെന്നും കർണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻ ദാസ് അഗർവാൾ തന്നോടു പറഞ്ഞിരുന്നതായി ഗൗഡ വെളിപ്പെടുത്തി. തുടർന്നാണ് ഞാൻ മത്സരിക്കാൻ സന്നദ്ധനായത്. പക്ഷേ, അവസാന നിമിഷം തന്നെ ഒഴിവാക്കിയെന്നും എഴുപത്തൊന്നുകാരൻ ഗൗഡ പറയുന്നു.

അതിനിടെ, ഗൗഡയെ വീട്ടിൽ സന്ദർശിച്ച് ശോഭ കരന്ദ്‌ലജെ അനുഗ്രഹം തേടി. ഗൗഡ ബിജെപിയുടെ മുതിർന്ന നേതാവാണെന്നും അദ്ദേഹം പാർട്ടി വിടില്ലെന്നും ശോഭ പറഞ്ഞു. സംസ്ഥാനത്തെ ബിജെപി യെദിയൂരപ്പയുടെ പിടിയിലായെന്ന് ആരോപിച്ച് മുതിർന്ന നേതാവ് ഈശ്വരപ്പയും കഴിഞ്ഞദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു.

ഷിമോഗയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് ഈശ്വരപ്പയുടെ ഭീഷണി. ഇതിനിടെയാണ് മൈസൂരു മേഖലയിലെ പ്രബല വിഭാഗമായ വൊക്കലിഗരുടെ നേതാവ് ഗൗഡയും ഇടയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com