Sakshi Malik on Vinesh Phogat, Bajrang Punia joining Congress
സാക്ഷി മാലിക്ANI

'അതവരുടെ കാര്യം; എനിക്കും ക്ഷണമുണ്ടായിരുന്നു, എന്നാൽ..' : സാക്ഷി മാലിക്

എന്‍റേത് ആത്മാർഥമായ സമരമാണ്
Published on

ന്യൂഡൽഹി: ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിൽ ഒപ്പമുണ്ടായിരുന്ന വിനേഷ് ഫോഗട്ടിന്‍റെയും ബജ്റംഗ് പൂനിയയുടെയും കോൺഗ്രസ് പ്രവേശത്തിൽ അകലം പാലിച്ച് സഹതാരം സാക്ഷി മാലിക്ക്.

വിനേഷിന്‍റെയും പൂനിയയുടെയും തീരുമാനം അവരുടെ വ്യക്തിപരമായ കാര്യമാണ്. താരങ്ങളുടേത് സ്ത്രീകൾക്കു വേണ്ടിയുള്ള സമരമായിരുന്നു. അതിൽ തെറ്റായ ധാരണ പരത്തരുത്. ഞാൻ ഈ സമരം തുടരും. ചില ത്യാഗങ്ങൾ വേണ്ടിവരുമെന്നു ഞാൻ കരുതുന്നു. എനിക്കും ചില രാഷ്‌ട്രീയ കക്ഷികളിൽ നിന്നു ക്ഷണമുണ്ടായിരുന്നു. എന്നാൽ, ഞാൻ തുടങ്ങിയിടത്ത് അവസാനം വരെ ഉറച്ചുനിൽക്കും. സ്ത്രീകളെ ചൂഷണം ചെയ്യുന്നതിൽ നിന്ന് ഫെഡറേഷനെ മുക്തമാക്കും വരെ ഈ സമരം തുടരും. എന്‍റേത് ആത്മാർഥമായ സമരമാണ്- സാക്ഷി പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഡൽഹിയിലെ വസതിയിൽ സന്ദർശിച്ചാണ് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഹരിയാനയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപക് ബാബറിയ, ഹരിയാന പിസിസി അധ്യക്ഷൻ ഉദയ് ഭാൻ, കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു.

പാർട്ടി അംഗത്വം സ്വീകരിക്കുന്നതിനു മുന്നോടിയായി വിനേഷ് ഫോഗട്ട് റെയ്‌ൽവേയിലെ ജോലി രാജിവച്ചു. ബുധനാഴ്ച വിനേഷ്, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ചിരുന്നു. ഇതേത്തുടർന്ന് വിനേഷിന് റെയ്‌ൽവേ കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്ന് വേണുഗോപാൽ. രാഷ്‌ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിലൂടെ സർവീസ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു നോട്ടീസ്. പ്രതിപക്ഷ നേതാവിനെ കാണുന്നത് കുറ്റമാണോ എന്നും വേണുഗോപാൽ ചോദിച്ചു.

logo
Metro Vaartha
www.metrovaartha.com