'5 കോടി നല്‍കിയില്ലെങ്കിൽ ബാബാ സിദ്ധിഖിയേക്കാളും മോശം അവസ്ഥ വരും'; സൽമാൻ ഖാന് വീണ്ടും വധഭീഷണി

സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം തുടങ്ങി.
salman khan receives fresh new threat of 5 crore
സൽമാൻ ഖാൻ
Updated on

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വീണ്ടും ഭീഷണി. ലോറന്‍സ് ബിഷ്ണോയി സംഘാഗം എന്നവകാശപ്പെട്ട് മുംബൈ ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം അയച്ചത്.

ലോറന്‍സ് ബിഷ്ണോയി സംഘവുമായുള്ള ദീര്‍ഘകാല വൈരാഗ്യം പരിഹരിക്കാന്‍ നടന്‍ സല്‍മാന്‍ ഖാനോട് 5 കോടി രൂപ ആവശ്യപ്പെട്ട് കൊണ്ടുള്ളതാണ് സന്ദേശം. പണം തന്നില്ലെങ്കിൽ സൽമാന് കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ധിഖിയേക്കാൾ മോശം സ്ഥിതി വരുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്.

'സന്ദേശം നിസാരമായി കാണരുത്, സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കണം. വൈരാഗ്യം പരിഹരിക്കാന്‍ സല്‍മാന്‍ ഖാന്‍ 5 കോടി രൂപ നല്‍കണം. അല്ലാത്തപക്ഷം സല്‍മാന്‍ ഖാന്‍റെ അവസ്ഥ ബാബാ സിദ്ദിഖിയെക്കാള്‍ മോശമാകും,'- സന്ദേശത്തില്‍ പറയുന്നു. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം തുടങ്ങി.

അതേസമയം, ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നവി മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മഹാരാഷ്ട്രയിലെ പൻവേലിലുള്ള ഫാം ഹൗസിനടുത്തു വച്ച് സൽമാനെ കൊല്ലാൻ ബിഷ്ണോയ് സംഘം 25 ലക്ഷം രൂപയുടെ ക്വൊട്ടേഷനാണ് നൽകിയിരുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ക്വൊട്ടേഷൻ നടപ്പാക്കാൻ വാടകയ്ക്ക് എടുക്കപ്പെട്ട കൗമാരക്കാർ പൂനെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഒളിവിലാണെന്നും പൊലീസ്.

കൊലപാതകം നടത്താൻ എകെ 47, എകെ 92, എം 16 തോക്കുകൾ പാക്കിസ്ഥാനിൽ നിന്ന് വാങ്ങാൻ പ്രതികൾ ശ്രമിച്ചിരുന്നു. ഇതുകൂടാതെ, പഞ്ചാബി ഗായകൻ സിധു മൂസെവാലയെ കൊല്ലാൻ ഉപയോഗിച്ച തുർക്കി-നിർമിത സിഗാനയും വാങ്ങാൻ ശ്രമിച്ചെന്നാണ് കണ്ടെത്തൽ.സൽമാൻ ഖാന്‍റെ നീക്കങ്ങൾ നിരീക്ഷിക്കാൻ 60-70 പേരെ നിയോഗിച്ചിരുന്നു. ബാന്ദ്രയിലെ അദ്ദേഹത്തിന്‍റെ വീടിന്‍റെയും, പൻവേലിലെ ഫാം ഹൗസിന്‍റെയും, ഗോരെഗാവ് ഫിലിം സിറ്റിയുടെയും സമീപത്തായിരുന്നു കൂടുതലാളുകളും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com