സന്ദേശ്ഖാലി റെയ്ഡ്: ആരോപണമുന്നയിച്ച് തൃണമൂലും ബിജെപിയും

തെരഞ്ഞെടുപ്പു സമയത്തെ സിബിഐ റെയ്ഡിന് പ്രത്യേക ലക്ഷ്യമുണ്ടെന്നു തൃണമൂൽ കോൺഗ്രസ് ആരോപിച്ചു
sandesh khali raid
sandesh khali raid

കോൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ നിന്നു വലിയ തോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും സിബിഐ കണ്ടെടുത്ത സംഭവത്തിൽ പുതിയ പോർമുഖം തുറന്ന് ബിജെപിയും തൃണമൂൽ കോൺഗ്രസും. സ്ത്രീപീഡകരെയും ഭീകരരെയും സംരക്ഷിക്കുകയാണ് തൃണമൂൽ കോൺഗ്രസ് എന്ന് ബിജെപി ആരോപിച്ചപ്പോൾ കേന്ദ്ര ഏജൻസിക്കെതിരേ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചാണു പശ്ചിമ ബംഗാൾ ഭരണകക്ഷി പ്രതിരോധിച്ചത്. ആയുധങ്ങളും സ്ഫോടകവസ്തുക്കളും അന്വേഷണ ഏജൻസി തന്നെ കൊണ്ടുവച്ചതാണെന്ന ആരോപണവും മുഖ്യമന്ത്രി മമത ബാനർജി ഉന്നയിച്ചു.

രണ്ടാം ഘട്ടം വോട്ടെടുപ്പ് നടന്ന വെള്ളിയാഴ്ചയാണ് സന്ദേശ്ഖാലിയിൽ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്‍റെ ബന്ധുവീട്ടിൽ നിന്ന് സിബിഐ വിദേശ നിർമിത തോക്കുകൾ ഉൾപ്പെടെ കണ്ടെടുത്തത്. അനധികൃതമായി ആയുധം സൂക്ഷിക്കുകയും ഭീകരരെയും സ്ത്രീകളെ ഉപദ്രവിക്കുന്നവരെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെ ബംഗാൾ ജനത മടുത്തെന്നു ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി. ബംഗാളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ഏക വ്യവസായം ബോംബ് നിർമാണമാണെന്നും മാളവ്യ പറഞ്ഞു.

തെരഞ്ഞെടുപ്പു സമയത്തെ സിബിഐ റെയ്ഡിന് പ്രത്യേക ലക്ഷ്യമുണ്ടെന്നു തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. കേന്ദ്ര ഏജൻസികളെ തെരഞ്ഞെടുപ്പു കമ്മിഷൻ കണ്ടില്ലെന്നു നടിക്കുകയാണെന്നു പശ്ചിമ ബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് അയച്ച കത്തിൽ തൃണമൂൽ കുറ്റപ്പെടുത്തി. പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണത്തെ തടസപ്പെടുത്തുന്ന അന്വേഷണ ഏജൻസികളുടെ നടപടികൾക്ക് തടയിടാൻ ശക്തമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണം. സന്ദേശ്ഖാലിയിലെ റെയ്ഡ് പശ്ചിമ ബംഗാൾ പൊലീസിനെ മുൻകൂട്ടി അറിയിച്ചില്ല. ബംഗാൾ ബോംബ് സ്ക്വാഡിനെയും ഉപയോഗിച്ചില്ല. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്നു വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യമെന്നും തൃണമൂൽ.

ആയുധങ്ങൾ കണ്ടെടുത്ത വീട് തൃണമൂൽ അനുഭാവിയുടേതാണെന്ന വാർത്തയ്ക്ക് ആധികാരികതയില്ല. എന്നാൽ, മാധ്യമങ്ങൾക്ക് അന്വേഷണ ഏജൻസി നൽകിയ വിവരം അതായിരുന്നുവെന്നും തൃണമൂൽ.

സന്ദേശ്ഖാലിയിൽ എൻഫോഴ്സ്മെന് ഡയറക്റ്ററേറ്റിനു നേരേയുണ്ടായ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘമാണ് മീൻ വളർത്തുന്ന തോടുകളാൽ ചുറ്റപ്പെട്ട പ്രദേശത്തെ ഒറ്റപ്പെട്ട വീട്ടിൽ പരിശോധന നടത്തിയത്. വിദേശനിർമിതമായ പത്തു തോക്കുകളടക്കം വൻതോതിൽ ആയുധ- സ്ഫോടകവസ്തു ശേഖരം കേന്ദ്ര ഏജൻസി പിടികൂടിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ റേഷൻ അഴിമതിക്കേസിൽ തൃണമൂൽ പ്രാദേശിക നേതാവ് ഷാജഹാൻ ഷെയ്ഖിനെതിരേ അന്വേഷണത്തിനെത്തിയപ്പോഴാണ് ഇഡി ഉദ്യോഗസ്ഥരെ ജനക്കൂട്ടം വളഞ്ഞുവച്ച് ആക്രമിച്ചത്. മൂന്ന് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു. തുടർന്ന് ഒളിവിൽപ്പോയ ഷാജഹാൻ ഷെയ്ഖിനെ കോടതി ഇടപെട്ടതോടെ ഫെബ്രുവരി 29ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com