
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് കേരളത്തെ പരാജയപ്പെടുത്തി ബംഗാളിന് കിരീടം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിക്കളിച്ച ആവേശപ്പോരാട്ടത്തിൽ ഇഞ്ച്വറി ടൈമിലാണ് കേരളത്തിന്‍റെ മുഴുവൻ സന്തോഷവും കെടുത്തിയ ഗോൾ പിറന്നത്.
മുപ്പത്തിമൂന്നാം വട്ടം ബംഗാൾ കിരീടം ചൂടിയപ്പോൾ, എട്ടാം കിരീടമെന്ന കേരളത്തിന്‍റെ സ്വപ്നം പൊലിഞ്ഞു. ബംഗാളിന്‍റെ ഗോൾവേട്ടക്കാരനായ ഒമ്പതാം നമ്പർ താരം റോബി ഹൻസ്ദയാണ് ഇൻജുറി ടൈമിൽ വിജയഗോൾ കുറിച്ചത്. ടൂർണമെന്‍റിൽ 12 ഗോൾ നേടിയ റോബിയാണ് കളിയിലെയും ടൂർണമെന്‍റിലെയും കേമൻ.
ഇരു ടീമുകളും നിരവധി അവരസങ്ങൾ കളഞ്ഞു കുളിച്ച ഇരു പകുതികൾക്കു ശേഷം 92-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. തുടർച്ചയായി പരുക്കുകൾ കണ്ട രണ്ടാം പകുതിക്ക് ആറു മിനിറ്റാണ് ഇൻജുറി ടൈമായി ലഭിച്ചത്.
പോയിന്‍റ് ബ്ലാങ്കിൽ ബംഗാൾ താരം കേരളത്തിന്‍റെ ഗോൾ പോസ്റ്റിലേക്ക് അനായാസം നിറയൊഴിച്ചു. തൊട്ടുപിന്നാലെ കേരളത്തിനു രണ്ട് ഫ്രീകിക്കുകൾ ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ കുനിഞ്ഞ ശിരസ്സുമായി കേരളം മടങ്ങി.
അവസാനമായി രണ്ടുതവണ കേരളം ജേതാക്കളായപ്പോഴും ഫൈനലിൽ തോൽവിയുടെ ഹൃദയഭാരവും പേറിനിന്ന ബംഗാളിന്‍റെ മധുരപ്രതികാരം കൂടിയായി ഇത്.
2018ൽ കൊൽക്കത്ത സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ 4-2നും 2021ൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ 5-4നുമായിരുന്നു കേരളത്തിന്‍റെ ഷൂട്ടൗട്ട് ജയം.