ഹോർമുസ് അടച്ചാൽ ചെങ്കടലിലൂടെ ക്രൂഡ് ഓയിൽ എത്തും.
റിയാദ്: ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം ഇറാൻ തടസപ്പെടുത്താനുള്ള സാധ്യത നിലനിൽക്കെ, ചെങ്കടല്‍ വഴി ക്രൂഡ് ഓയില്‍ വിതരണം ഉറപ്പാക്കാന്‍ സൗദി അറേബ്യയ്ക്കു സാധിക്കുമെന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ പകരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ വരുന്നതും ഹോർമുസ് കടലിടുക്ക് വഴിയല്ല.
ഇന്ത്യയിലെത്തുന്ന അസംസ്കൃത എണ്ണയുടെ 18 മുതല്‍ 20 ശതമാനം വരെ സൗദി അറേബ്യയില്‍ നിന്നാണു കൊണ്ടുവരുന്നത്. എങ്കിലും ഹോര്‍മുസ് കടലിടുക്കിൽ തടസമുണ്ടായാൽ രാജ്യത്ത് ഗുരുതരമായ ഇന്ധന ക്ഷാമത്തിനു സാധ്യതയുണ്ട് എന്നതു മുൻകൂട്ടി കണ്ടാണ് സൗദിയുടെയും റഷ്യയുടെയും സഹായം ഉറപ്പാക്കിയിരിക്കുന്നത്. സൗദി അറേബ്യയുടെ പെട്രോലൈന്‍-യാന്‍ബു പാത ഇത്തരത്തിൽ ഒരു ബദല്‍ സംവിധാനമാണ്. ഇത് ഇന്ത്യയിലേക്കുള്ള എണ്ണ വിതരണം സുഗമമാക്കും.
ഹോർമുസ് കടലിടുക്ക്
MV Graphics
ഇറാന്‍റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുഎസ് സൈനിക ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ ഇറാന്‍ പാര്‍ലമെന്‍റ് അനുമതി നല്‍കിയിരുന്നു. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 35 ശതമാനത്തിലധികവും എല്‍എന്‍ജി വിതരണത്തിന്‍റെ 42 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. അതിനാല്‍ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം തടസപ്പെടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം, ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ പൂര്‍ണമായ ഉപരോധം നടപ്പാക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ ചെയ്താല്‍ ഇറാന്‍റെ തന്നെ എണ്ണ കയറ്റുമതിയെ അതു ബാധിക്കും. ചൈന പോലെയുള്ള ഇറാന്‍റെ പ്രധാന പങ്കാളികള്‍ക്കും അത് ദോഷകരമാകും. ഇതിനു പുറമെ ഇറാനെതിരേ കൂടുതല്‍ സൈനിക നടപടികൾക്കും ഇടയാക്കും.
ഇന്ത്യയില്‍ 90 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ശേഖരമുണ്ട്. അതുകൊണ്ടു തന്നെ എണ്ണ വിതരണത്തിൽ ഹ്രസ്വകാല തടസങ്ങള്‍ നേരിട്ടാൽ അതിനെ മറികടക്കാൻ റിസർവ് ഒരു പരിധി വരെ ആശ്വാസം നല്‍കും.
റഷ്യയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച എണ്ണ സ്രോതസ്. 2022 മുതല്‍ ഇന്ത്യ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയെ ആശ്രയിക്കുന്നത് കുറച്ചു. യുക്രെയ്ൻ പ്രശ്നത്തിൽ പാശ്ചാത്യരാജ്യങ്ങൾ റഷ്യക്കു മേൽ ഉപരോധം പ്രഖ്യാപിച്ചതോടെയായിരുന്നു ഇത്.
2025 ജൂണില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് പ്രതിദിനം 2.2 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മൊത്തം എണ്ണയേക്കാള്‍ കൂടുതലാണിത്. പാശ്ചാത്യ ഉപരോധം തുടരുന്നതിനാൽ റഷ്യയിൽ നിന്ന് ഇന്ത്യക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടുന്നുമുണ്ട്.
റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിലൂടെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കത്തെ ആശ്രയിക്കുന്നത് ഇന്ത്യയ്ക്കു കുറച്ചു കൊണ്ടുവരാനും സാധിക്കുന്നു. ഇന്ത്യ പ്രതിദിനം 5.5 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്. യുഎസില്‍ നിന്ന് 0.44 ദശലക്ഷം ബാരലാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിനു പുറമെ ബ്രസീല്‍, ലാറ്റിന്‍ അമെരിക്ക എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കായി ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കുന്നില്ല. പകരം, സൂയസ് കനാല്‍, ഗുഡ് ഹോപ്പ് മുനമ്പ്, പസഫിക് സമുദ്രം പോലുള്ള ഇതര മാര്‍ഗങ്ങളിലൂടെയാണു ചരക്ക്‌നീക്കം നടത്തുന്നത്.
രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന് 80 ഡോളറിന് അടുത്തെത്തിയതോടെ നിക്ഷേപകർ കടുത്ത ആശങ്കയിലേക്ക് നീങ്ങുകയാണ്. ഇതോടെ ഇന്ത്യൻ ഓഹരി വിപണി കനത്ത വില്‍പ്പന സമ്മര്‍ദം നേരിട്ടു. ഇറാൻ - ഇസ്രയേൽ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ നിക്ഷേപകര്‍ സുരക്ഷിത മേഖലകളിലേക്ക് തിരിഞ്ഞതാണ് ഓഹരി വിപണിക്ക് തിരിച്ചടിയായത്. യുദ്ധം തീവ്രമായാല്‍ എണ്ണ വില 120 ഡോളര്‍ വരെ ഉയരാനിടയുണ്ടെന്ന് ആഗോള ഏജന്‍സികള്‍ വിലയിരുത്തുന്നു.