എസ്ബിഐ ഇലക്റ്ററൽ ബോണ്ട് വിവരങ്ങൾ കൈമാറി

ആകെ വാങ്ങിയ ബോണ്ടുകൾ 22,217; ഉപയോഗിച്ചത് 22,030: തെരഞ്ഞെടുപ്പ് കമ്മീഷിനു വിവരം നൽകിയെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം
Representative image
Representative image

ന്യൂഡൽഹി: സുപ്രീം കോടതി നിർദേശപ്രകാരം ഇലക്റ്ററൽ ബോണ്ടുകൾ സംബന്ധിച്ച വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷനു കൈമാറിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം അനുസരിച്ച്, 2019 മുതൽ 2024 വരെ 22,217 ബോണ്ടുകളാണ് വിവിധ വ്യക്തികളോ സ്ഥാപനങ്ങളോ എസ്ബിഐയിൽ നിന്നു വാങ്ങിയിട്ടുള്ളത്. ഇതിൽ 22,030 എണ്ണം വിവിധ രാഷ്‌ട്രീയ പാർട്ടികൾ ഉപയോഗിച്ചിട്ടുണ്ട്.

ആയിരം രൂപയാണ് ഒരു ബോണ്ടിന്‍റെ ഏറ്റവും കുറഞ്ഞ മൂല്യം. ആയിരം, പതിനായിരം, ഒരു ലക്ഷം എന്നിങ്ങനെ മൂല്യമുള്ള ബോണ്ടുകളാണ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എസ്ബിഐയിൽനിന്നു വാങ്ങാൻ സാധിച്ചിരുന്നത്. ഉയർന്ന പരിധി ഉണ്ടായിരുന്നില്ല. സംഭാവനയായി ഈ ബോണ്ട് സ്വീകരിക്കുന്ന രാഷ്‌ട്രീയ പാർട്ടി അവരുടെ അക്കൗണ്ടുള്ള ബാങ്കിൽ ഇതു നൽകിയാൽ എസ്ബിഐയിൽ നിന്ന് അക്കൗണ്ടിലേക്കു തത്തുല്യമായ തുക ലഭിക്കുന്ന രീതിയിലായിരുന്നു ഇലക്റ്ററൽ ബോണ്ട് പദ്ധതിയുടെ പ്രവർത്തനം. 15 ദിവസം കാലാവധിക്കുള്ളിൽ ബോണ്ട് ബാങ്കിൽ സമർപ്പിച്ചില്ലെങ്കിൽ അതിലെ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പോകും എന്നായിരുന്നു ചട്ടം.

എന്നാൽ, ആര് ആർക്ക് എത്ര പണം കൊടുത്തു എന്നൊന്നും പുറത്തുവരാത്ത രീതിയിൽ രഹസ്യസ്വഭാവം പുലർത്തുന്ന ഇലക്റ്ററൽ ബോണ്ട് സമ്പ്രദായം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച് സുപ്രീം കോടതി അസാധുവായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, ഇതുവരെ കൈകാര്യം ചെയ്യപ്പെട്ട ബോണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറാൻ എസ്ബിഐയോടു നിർദേശിക്കുകയും ചെയ്തു.

ഈ വിവരങ്ങൾ മാർച്ച് 15ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ബോണ്ട് വാങ്ങിയ വ്യക്തി/സ്ഥാപനം, സ്വീകരിച്ച രാഷ്‌ട്രീയ പാർട്ടി, സംഭാവനയായി ലഭിച്ച പണം തുടങ്ങിയ വിവരങ്ങളെല്ലാം ഇത്തരത്തിൽ പുറത്തുവിടേണ്ടിവരും.

ഫെബ്രുവരി 15നായിരുന്നു ഇലക്റ്ററൽ ബോണ്ട് സ്കീം അസാധുവാക്കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധി. മാർച്ച് ആറിനുള്ളിൽ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറാനും എസ്ബിഐയോട് അന്നു തന്നെ നിർദേശിച്ചിരുന്നതാണ്. എന്നാൽ, വിവരങ്ങൾ ക്രോഡീകരിച്ചു നൽകാൻ ജൂൺ 30 വരെ ബാങ്ക് സമയം ആവശ്യപ്പെട്ടിരുന്നു. ഇതിനെ രൂക്ഷമായി വിമർശിച്ച കോടതി, അടിയന്തരമായി വിവരം കൈമാറാൻ നിർദേശിച്ചതനുസരിച്ചാണ് എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷനു വിവരം നൽകിയ ശേഷം സത്യവാങ്മൂലം നൽകിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com