
ന്യൂഡൽഹി: സർക്കാർ പദ്ധതികളിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ പേര് ഉപയോഗിക്കരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. മാത്രമല്ല എഐഎഡിഎംകെ എംപി സി.വി. ഷൺമുഖത്തെ കോടതി രൂക്ഷമായി വിമർശിച്ചു.
എല്ലാ സംസ്ഥാനങ്ങളിലും സർക്കാർ പരിപാടികളിൽ മുഖ്യമന്ത്രിയുടെ പേര് നൽകുന്നുണ്ടെന്നിരിക്കെ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും ഒറ്റപ്പെടുത്തുകയായിരുന്നു ഷൺമുഖത്തിന്‍റെ ലക്ഷ്യമെന്ന് കോടതി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പേരിൽ ഇത്തരം പദ്ധതികൾ നടപ്പാക്കുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയെയും ഒരു രാഷ്ട്രീയ നേതാവിനെയും മാത്രം തെരഞ്ഞെടുക്കാനുള്ള ഹർജിക്കാരന്‍റെ ഉത്കണ്ഠയെ വിലമതിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ജൂലൈ 31 നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. തമിഴ്നാട്ടിലെ സർക്കാർ പദ്ധതികൾക്ക് മുഖ‍്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ പേര് നൽകേണ്ടെന്നാണ് കോടതി ഉത്തരവിട്ടത്.'ഉങ്കളുടൻ സ്റ്റാലിൻ' പദ്ധതിക്കെതിരേ അണ്ണാ ഡിഎംകെ എംപി നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പൊടുവിച്ചത്.