
പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിശദാംശങ്ങൾ കൈമാറണം; തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി
ന്യൂഡൽഹി: ബിഹാറിൽ എസ്ഐആറിനോടനുബന്ധിച്ച് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി നിർദേശിച്ചു. ഒക്റ്റോബർ 9നകം വിവരങ്ങൾ കൈമാറണമെന്നാണ് നിർദേശം.
നവംബർ 6ന് ആരംഭിക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഷെഡ്യൂൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സുപ്രീം കോടതിയുടെ നിർദേശം. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട കേസാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസ് വീണ്ടും ഒക്റ്റോബർ 9നു പരിഗണിക്കാനായി മാറ്റി.
അതേസമയം, എസ്ഐആറിൽ വോട്ടർമാർക്ക് ആർക്കും പരാതിയില്ലെന്നും ഡൽഹിയിലെ രാഷ്ട്രീയ നേതാക്കൾക്കും സർക്കാരിതര സംഘടനകൾക്കുമാണ് പ്രശ്നമുള്ളതെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയിൽ പറഞ്ഞു.
പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ ഇതുവരെ ഈ വിഷയത്തിൽ ഒരു പരാതിയുമായി എത്തിയിട്ടില്ലെന്നത് കോടതി പരിഗണിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെടുന്നത്.