മാധ്യമവിചാരണയ്ക്ക് പൊലീസ് വഴിയൊരുക്കരുത്: മാർഗനിർദേശം നൽകാൻ കേന്ദ്രത്തോട് നിർദേശിച്ച് സുപ്രീം കോടതി

മാർഗനിർദേശം തയാറാക്കുന്നതിനായി എല്ലാം സംസ്ഥാനങ്ങളിലെയും ഡിജിപിമാരോട് നിർദേശങ്ങൾ സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീം കോടതി
സുപ്രീം കോടതി

ന്യൂഡൽഹി: കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് മാധ്യമങ്ങൾക്ക് നൽകുന്ന വാർത്താക്കുറിപ്പ് മാധ്യമ വിചാരണയ്ക്ക് വഴിയൊരുക്കുന്നതാകരുതെന്ന് സുപ്രീം കോടതി. മാധ്യമങ്ങൾക്കു വാർത്താക്കുറിപ്പു തയാറാക്കുന്നതിൽ മൂന്നു മാസത്തിനകം സമഗ്രമായ മാർഗനിർദേശം തയാറാക്കി നൽ‌കണമെന്നും സുപ്രീം കോടതി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ്മാരായ പി.എസ്. നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നിർദേശം. മാർഗനിർദേശം തയാറാക്കുന്നതിനായി എല്ലാം സംസ്ഥാനങ്ങളിലെയും ഡിജിപിമാരോട് നിർദേശങ്ങൾ സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ നിർദേശങ്ങളും മാർഗനിർദേശം തയാറാക്കുന്നതിനായി പരിഗണിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. പൊലീസ് ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ടും, അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന കേസുകളിൽ നൽ‌കുന്ന വാർത്താക്കുറിപ്പുകളെയും സംബന്ധിച്ച പൊലീസ് നടപടികളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഇലക്‌ട്രോണിക് മാധ്യമങ്ങൾ കൂടുതൽ ശക്തിയാർജിക്കുന്ന കാലമായതിനാൽ ഈ പ്രശ്നം കൂടുതൽ പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് പരാമർശിച്ചു. അന്വേഷണ കാലഘട്ടത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനുള്ള പൊതു ജനത്തിന്‍റെ അവകാശം, പൊലീസ് പുറത്തു വിടുന്ന വിവരങ്ങളുടെ സ്വാധീനം, പ്രതികളുടെ അവകാശം, നിയമം നടപ്പിലാക്കൽ തുടങ്ങി നിരവധി പൊതു താത്പര്യങ്ങൾ ഈ വിഷയത്തിലുണ്ടെന്നും കോടതി പറഞ്ഞു. വിഷയത്തിൽ വിശദമായ പഠനത്തിനായി മുതിർന്ന അഭിഭാഷകനായ ഗോപാൽ ശങ്കരനാരായണനെ കോടതി അമിക്കസ്ക്യൂറിയായി നിയമിച്ചിരുന്നു. മാധ്യമങ്ങളെ വാർത്ത നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനാകില്ല, എന്നാൽ സർക്കാർ വകുപ്പുകൾ അടക്കമുള്ള വാർത്താ സ്രോതസുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുമെന്നാണ് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചത്. ഇതിലൂടെ ഒരേ സംഭവം പല രീതിയിൽ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയാൻ സാധിക്കും. ആരുഷി കൊലപാതകക്കേസിൽ ഇത്തരത്തിലുള്ള നിരവധി വാർത്തകളാണ് മാധ്യമങ്ങളിലൂടെ പടർന്നതെന്നും അമിക്കസ് ക്യൂറി ഉദാഹരണമായി ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനായി മാർഗനിർദേശം തയാറാക്കാമെന്നും അമിക്കസ്ക്യൂറി ശുപാർശ ചെയ്തിട്ടുണ്ട്.

കേസിൽ പ്രതി ചേർക്കപ്പെടുന്ന വ്യക്തിയെ മാധ്യമ വാർത്തകൾ പ്രതികൂലമായി ബാധിക്കുന്നത് ശരിയല്ല. പൊലീസ് പുറത്തു വിടുന്ന വിവരങ്ങൾ മാധ്യമ വിചാരണയ്ക്ക് വഴിയൊരുക്കുന്നതാകരുത്, പ്രതി ചേർക്കപ്പെടുന്നയാൾ തന്നെയാണ് കുറ്റവാളി എന്ന മുൻധാരണ ഉണ്ടാകാനും അനുവദിക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ ജനുവരിയിൽ വീണ്ടും വാദം കേൾക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com