ന്യൂഡൽഹി: കേസുകളിൽ പ്രതികളാകുന്നവരുടെ കെട്ടിടങ്ങൾ പൊളിച്ചു കളയുന്ന രീതി രാജ്യത്തൊരിടത്തും കോടതിയുടെ അനുമതിയില്ലാതെ നടപ്പാക്കരുതെന്ന് സുപ്രീം കോടതി. അനധികൃതമായി കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നത് ഒറ്റപ്പെട്ട സംഭവമായാൽപ്പോലും അത് ഭരണഘടനാ തത്വങ്ങൾക്കു വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം, പൊതു സ്ഥലങ്ങളിലും റോഡുകളിലും ഫുട്ട് പാത്തുകളിലും മറ്റും നിൽക്കുന്ന അനധികൃത നിർമിതകൾ പൊളിച്ചു നീക്കുന്നതിന് ഈ വിധി തടസമല്ലെന്നും കോടതി വിശദീകരിച്ചിട്ടുണ്ട്.
ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നവരുടെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന രീതി പല സംസ്ഥാനങ്ങളിലും വ്യാപകമായ പശ്ചാത്തലത്തിലാണ് കോടതി വിധി പ്രസക്തമാകുന്നത്. ഈ വിഷയത്തിൽ ഒക്റ്റോബർ ഒന്നിന് കൂടുതൽ വാദം കേൾക്കുമെന്നും കോടതി പറഞ്ഞു.
ഉത്തർ പ്രദേശ്, മധ്യ പ്രദേശ് സംസ്ഥാനങ്ങളിലാണ് പ്രതികളുടെ വീടുകളും മറ്റു കെട്ടിടങ്ങളും ഇടിച്ചു നിരത്തുന്ന പ്രവണത കൂടുതലുള്ളത്. രണ്ടു വർഷത്തിനിടെ ഇത്തരത്തിൽ ഒന്നര ലക്ഷം കെട്ടിടങ്ങൾ ഇടിച്ചു നിരത്തിയെന്നും, ഏഴു ലക്ഷത്തിലധികം ആളുകൾ ഇത്തരത്തിൽ ഭവനരഹിതരായെന്നുമാണ് അനൗദ്യോഗിക കണക്ക്.