

അനാവശ്യ അപ്പീലുകൾ നൽകുന്നതിൽ കേന്ദ്ര സർക്കാരിന് രൂക്ഷവിമർശനം; 25,000 രൂപ പിഴയിട്ട് സുപ്രീം കോടതി
സുപ്രീംകോടതി - file image
ന്യൂഡൽഹി: കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്ന കേന്ദ്ര സർക്കാർ തന്നെയാണ് ഏറ്റവുമധികം കേസുകളുമായി കോടതിയിലേക്ക് വരുന്നതെന്ന് സുപ്രീം കോടതി. അനാവശ്യമായ അപ്പീലുകൾ നൽകി കോടതിയുടെ സമയം പാഴാക്കുന്നത് കാട്ടി കേന്ദ്രത്തിന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച കോടതി സർക്കാരിന് 25,000 രൂപ പിഴയും ചുമത്തി.
സിഐഎസ്എഫ് കോൺസ്റ്റബിളിനെ ജോലിയിൽ തിരിച്ചെടുക്കണമെന്ന പഞ്ചാബ് - ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. ഒരു കോൺസ്റ്റബിളിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടി തെറ്റാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിട്ടും എന്തിനാണ് വീണ്ടും അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചതെന്ന് കോടതി ചോദിച്ചു.
11 ദിവസത്തെ അനധികൃത അവധി എടുത്തതിനും സഹപ്രവർത്തകന്‍റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ആരോപണത്തിലുമാണ് പത്ത് വർഷത്തോളം സർവീസുള്ള കോൺസ്റ്റബിളിനെ പിരിച്ചുവിട്ടത്. എന്നാൽ ഇതിൽ ഗുരുതരമായ വീഴ്ചയില്ലെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക് ഹർജിയുമായെത്തിയത് എന്തിനാണെന്ന് കോടതി ആരാഞ്ഞു.
ഹൈക്കോടതി ഒരാൾക്ക് നീതി നൽകിയാൽ അത് അംഗീകരിക്കുന്നതിന് പകരം എന്തിനാണ് വീണ്ടും നിയമപോരാട്ടം തുടരുന്നതെന്ന് ചോദിച്ച കോടതി സർക്കാർ അഭിഭാഷകർ ഇത്തരം കാര്യങ്ങളിൽ ശരിയായ നിയമോപദേശം നൽകണമെന്നും നിർദേശിച്ചു.