

തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി
ന്യൂഡൽഹി: തെരുവുനായകളെ നിയന്ത്രിക്കാൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ രൂപീകരിച്ച ചില ചട്ടങ്ങൾ മനുഷ്യത്വരഹിതമെന്നു പറഞ്ഞ ഹർജിക്കാരനു സുപ്രീം കോടതിയുടെ വിമർശനം. കേസ് അടുത്ത വാദത്തിനെടുക്കുമ്പോൾ ഞങ്ങൾ ചില വിഡിയൊ ദൃശ്യങ്ങൾ ദൃശ്യങ്ങൾ കാണിക്കാമെന്നും എന്താണ് മനുഷ്യത്വമെന്ന് തിരിച്ചു ചോദിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
ആവശ്യമായ കൂടുകൾ പോലും ഇല്ലാതെയാണ് തെരുവുനായകളെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നീക്കുന്നതെന്നും ഇതു മനുഷ്യത്വരഹിതമാണെന്നുമായിരുന്നു ഹർജിക്കാരനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്‍റെ വാദം. ഈ വാദത്തിനു മറുപടിയായി ജസ്റ്റിസ് സന്ദീപ് മേഹ്തയാണ് അടുത്ത ദിവസം പരിഗണിക്കുമ്പോൾ ചില വിഡിയൊ നിങ്ങൾക്കു വേണ്ടി കാണിക്കാമെന്നു പറഞ്ഞത്.
തങ്ങളും ചില വിഡിയൊ ദൃശ്യങ്ങൾ പ്രദർശിപ്പിക്കാമെന്നു സിബൽ മറുപടി നൽകി. കേസ് ജനുവരി ഏഴിലേക്കു മാറ്റി.
രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെയ്‌ൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, ആശുപത്രികൾ തുടങ്ങിയവയുടെ പരിസരങ്ങളിൽ തെരുവുനായകളുടെ ആക്രമണം വർധിച്ചുവരികയാണെന്നും നായകളെ അടിയന്തരമായി പിടികൂടി കൂട്ടിലടയ്ക്കണമെന്നും നവംബർ ഏഴിനു സുപ്രീം കോടതി നിർദേശിച്ചിരുന്നു.