
ന്യൂഡൽഹി: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങളുടെ അറസ്റ്റ് വിലക്ക് സുപ്രീം കോടതി. വാസ്തവ വിരുദ്ധമായ വാർത്തകൾ നൽകി സംഘർഷം ആളിക്കത്തിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് എഡിറ്റേഴ്സ് ഗിൽഡ് സംഘത്തിനെതിരേ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ സെപ്റ്റംബർ 11 വരെ നടപടി പാടില്ലെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ്മാരായ ജെ.ബി. പാർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്. സംഘർഷം ആളിക്കത്തിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്‍റിനും മൂന്ന് അംഗങ്ങൾക്കുമെതിരേ ഒരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാരിനെ തേജോവധം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് എഡിറ്റേഴ്സ് ഗിൽഡിലെ നാല് അംഗങ്ങൾക്കെതിരേ രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്. വിഷയത്തിൽ സംസ്ഥാന സർക്കാരിന്‍റെ വിശദീകരണവും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകിയിരിക്കുന്ന കാലഘട്ടത്തിൽ എഡിറ്റേഴ്സ് ഗിൽഡിന് മണിപ്പൂർ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിർദേശിച്ചു. എഡിറ്റേഴ്സ് ഗിൽഡിനു വേണ്ടി അഭിഭാഷകനായ ശ്യാം ദിവാനാണ് ഹാജരായത്.
ഓഗസ്റ്റ് 7 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ മണിപ്പൂർ സന്ദർശിച്ച എഡിറ്റേഴ്സ് ഗിൽഡ് സംഘം നൽകിയ റിപ്പോർട്ടുകളിൽ സർക്കാർ പക്ഷപാതപരമായി പെരുമാറിയെന്ന് ആരോപിച്ചിരുന്നു.