

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജാമ്യം സംബന്ധിച്ച് ഹൈക്കോടതി വിധി വരുന്നതു വരെ ജയിലിൽ തുടരാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് സുപ്രീംകോടതി. വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി തടഞ്ഞു വച്ചതിനെതിരേ കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർദേശം. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
ജൂൺ 20 ന് വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇത് ചോദ്യം ചെയ്ത് ഇഡി സമർപ്പിച്ച ഹർജിയിന്മേൽ ജാമ്യം ഡൽഹി ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു വയ്ക്കുകയായിരുന്നു. കേസിന്‍റെ മുഴുവൻ രേഖകളും പഠിക്കാനായി രണ്ടോ മൂന്നോ ദിവസത്തേക്കാണ് ജാമ്യം സ്റ്റേ ചെയ്തത്.