സദ്ഗുരുവിന്‍റെ ഫൗണ്ടേഷനെതിരായ പൊലീസ് നടപടി സുപ്രീം കോടതി തടഞ്ഞു

സദ്ഗുരു ജഗ്ഗി വാസുദേവിന്‍റെ ഇഷ ഫൗണ്ടേഷനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളെക്കുറിച്ച് മദ്രാസ് ഹൈക്കോടതി തമിഴ്നാട് പൊലീസിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു
Sadhguru Jaggi Vasudev
സദ്ഗുരു ജഗ്ഗി വാസുദേവ്
Updated on

ന്യൂഡൽഹി: സദ്ഗുരു ജഗ്ഗി വാസുദേവിന്‍റെ ഇഷ ഫൗണ്ടേഷനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളെക്കുറിച്ച് തമിഴ്നാട് പൊലീസിൽ നിന്നു റിപ്പോർട്ട് തേടിയ മദ്രാസ് ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു.

മുതിർന്ന അഭിഭാഷകൻ മുകുൾ രോഹത്ഗിയാണ് ഫൗണ്ടേഷനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന രോഹത്ഗിയുടെ വാദത്തെ കേന്ദ്ര സർക്കാർ പിന്തുണച്ചു. മദ്രാസ് ഹൈക്കോടതി കൂടുതൽ ജാഗ്രത കാണിക്കേണ്ടിയിരുന്നു എന്നാണ് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത അഭിപ്രായപ്പെട്ടത്.

ലക്ഷണക്കണക്കിന് ആരാധകരുള്ള, ഏറെ ആദരിക്കപ്പെടുന്ന സദ്ഗുരുവിന്‍റേതാണ് ഇഷ ഫൗണ്ടേഷൻ എന്നും, വാക്കാലുള്ള മൊഴി മാത്രം വിശ്വാസത്തിലെടുത്ത് ഹൈക്കോടതി ഇത്തരം അന്വേഷണങ്ങൾക്ക് ഉത്തരവിടരുതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

വിരമിച്ച പ്രൊഫസർ ഫയൽ ഹേബിയസ് കോർപ്പസ് പെറ്റീഷൻ പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതി സദ്ഗുരുവിന്‍റെ ഫൗണ്ടേഷനെതിരേ അന്വേഷണത്തിനു നിർദേശിച്ചത്. പ്രൊഫസറുടെ നാൽപ്പത്തിരണ്ടും മുപ്പത്തൊമ്പതും വയസുള്ള പെൺമക്കളെ പാട്ടിലാക്കി ജഗ്ഗി വാസുദേവിന്‍റെ കൊയമ്പത്തൂരിലെ ഇഷ യോഗ സെന്‍ററിൽ താമസിപ്പിച്ചിരിക്കുന്നു എന്നായിരുന്നു പ്രൊഫസറുടെ പരാതി.

തന്‍റെ മക്കളുടെ ചിന്താശേഷിയെ ബാധിക്കുന്ന തരത്തിലുള്ള ഭക്ഷണമോ മരുന്നോ ഫൗണ്ടഷേനിൽ നിന്ന് അവർക്കു നൽകിയിട്ടുണ്ടെന്നും പ്രൊഫസർ ആരോപിച്ചിരുന്നു. എന്നാൽ, രണ്ടു സ്ത്രീകളും തങ്ങൾക്കൊപ്പം താമസിക്കാൻ സ്വമേധയാ തീരുമാനിച്ചവരാണെന്നാണ് ഫൗണ്ടേഷൻ വാദിച്ചത്.

ഇതെത്തുടർന്നാണ് ഫൗണ്ടേഷനെതിരേ മുടങ്ങിക്കിടക്കുന്ന എല്ലാ ക്രിമിനൽ കേസുകളെടെയും തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ മദ്രാസ് ഹൈക്കോടതി തമിഴ്നാട് സർക്കാരിനോടു നിർദേശിച്ചത്. സർക്കാർ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം യോഗ സെന്‍ററിൽ പരിശോധന നടത്തുകയും അവിടെയുണ്ടായിരുന്ന അധികൃതരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

വിഷയം സുപ്രീം കോടതിയിലെത്തിയതോടെ, കോടതി നേരിട്ട് വീഡിയോ കോൺഫറൻസ് മുഖേന പ്രൊഫസറുടെ മക്കളുമായി സംസാരിച്ചിരുന്നു. ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതിയിൽ നിന്ന് ഏറ്റെടുക്കുകയും, പൊലീസിന്‍റെ ഇതുവരെയുള്ള നടപടികളുടെ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com