
ഡൽഹിയിൽ 6 വയസുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി
file image
ന്യൂഡൽഹി: ഡൽഹിയിൽ തെരുവുനായ ശല്യം വർധിച്ചു വരുന്നതിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. തലസ്ഥാനത്ത് ആറു വയസുകാരിയെ തെരുവുനായ കടിക്കുകയും പേവിഷബാധയേറ്റ് കുട്ടി മരിക്കുകയും ചെയ്ത സംഭവത്തിൽ കോടതി സ്വമേധയാ കേസെടുത്തു.
ഇത് വളരെ അസ്വസ്ഥത ഉളവാക്കുന്ന സന്ദർഭമാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടിയുടെ മരണം സംബന്ധിച്ച മാധ്യമ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ബെഞ്ചിന്‍റെ നീക്കം.
സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാനും ഉചിതമായ നിർദേശങ്ങൾക്കായി ഈ വിഷയം സംബന്ധിച്ച് റിപ്പോർട്ടുകൾ ചീഫ് ജസ്റ്റിസ് ഭൂഷൺ ആർ. ഗവായിയുടെ മുമ്പാകെ സമർപ്പിക്കാൻ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു.
ജൂൺ 30 നാണ് 6 വയസുകാരിയായ ചാവി ശർമയെ തെരുവുനായ ആക്രമിക്കുന്നത്. ചാവി ശർമക്ക് പ്രാഥമിക വൈദ്യസഹായം ലഭിച്ചിട്ടും പേവിഷബാധയേറ്റ് ജൂലൈ 26 ന് പെൺകുട്ടി മരിക്കുകയായിരുന്നു. ഇത് നിയന്ത്രിക്കാത്ത നായ്ക്കളുടെ കടിയേറ്റതിന്‍റെ മാരകമായ പ്രത്യാഘാതങ്ങളും സമയബന്ധിതമായ പോസ്റ്റ്-എക്സ്പോഷർ ചികിത്സയുടെ പരാജയവും എടുത്തുകാണിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.