കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ: സുപ്രീം കോടതി നിർണായക വിധി പറയും
India
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ: സുപ്രീം കോടതി നിർണായക വിധി പറയും
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും കാണുന്നത് പോക്സോ, ഐടി നിയമങ്ങൾ പ്രകാരമുള്ള കുറ്റകൃത്യമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ ഹർജി
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും കാണുന്നത് പോക്സോ, ഐടി നിയമങ്ങൾ പ്രകാരമുള്ള കുറ്റകൃത്യമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
മൊബൈൽ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യം ഡൗൺലോഡ് ചെയ്ത ഇരുപത്തെട്ടുകാരനെതിരായ കേസ് കഴിഞ്ഞ ജനുവരി 11നാണ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്.
കുട്ടികളടക്കം അശ്ലീല ദൃശ്യം കാണുന്നത് ആശങ്കയുണ്ടാക്കുന്നുവെങ്കിലും ഇതൊരു കുറ്റമല്ലെന്നും അവരെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിനെതിരേ കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളാണു സുപ്രീം കോടതിയെ സമീപിച്ചത്.