
ഉത്തരാഖണ്ഡിലെ വീണ്ടും മേഘവിസ്ഫോടനം! പ്രദേശത്ത് കനത്ത മഴ തുടരുന്നതിൽ ആശങ്ക
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ഉത്തരാഖണ്ഡിലെ ധരാലിക്കടുത്ത് സുഖി എന്ന പ്രദേശത്താണ് രണ്ടാമതും മേഘവിസ്ഫോടനമുണ്ടായത്. ധരാലിക്ക് സമീപമുള്ള ഈ പ്രദേശത്ത് വീണ്ടും മേഘവിസ്‌ഫോടനമുണ്ടായതായി ഉത്തരകാശി ജില്ലാ ഭരണകൂടവും സ്ഥിരീകരിച്ചു.
മലമുകളിൽ നിന്ന് ഒലിച്ചിറങ്ങിയ കല്ലും മണ്ണും നദിയിൽ വന്ന് പതിക്കുകയായിരുന്നു. വനപ്രദേശമായതിനാൽ നിലവിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പരിസര പ്രദേശങ്ങളിലുള്ള ജനങ്ങൾക്കും എസ്ഡിആര്‍എഫ്, സൈനിക യൂണിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിയന്തര സംഘങ്ങള്‍ക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി.
അതേസമയം, ഉത്തരാഖണ്ഡിൽ ഇപ്പോഴും കനത്ത മഴ തുടരുന്നത് കൂടുതല്‍ ആശങ്കകള്‍ക്ക് വഴിവയ്ക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് ഉത്തരകാശിയിലെ ധരാലിയിൽ ആദ്യം മേഘവിസ്ഫോടനം ഉണ്ടായത്. പിന്നാലെ ഘീർഗംഗ നദിയിൽ മിന്നൽ പ്രളയം ഉണ്ടാവുകയായിരുന്നു. അപകടത്തിൽ ഇതുവരെ 4 പേർ മരിച്ചതായും 60 ലധികം പേരെ കാണാതായെന്നുമാണ് പ്രാഥമിക നിഗമനം. വന്‍ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ധാരാലി ഗ്രാമത്തിന്‍റെ ഒരു പ്രദേശം മുഴുവനായി ഒലിച്ചു പോയി. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.